KeralaTop News

കൈതപ്രം വെടിവെപ്പ്; രാധാകൃഷ്ണന്റെ ഭാര്യയുമായി സന്തോഷിന് സൗഹൃദം ഇല്ലാതായി, തുടർന്ന് വ്യക്തി വൈരാഗ്യം, FIR

Spread the love

കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയത് വ്യക്തി വിരോധത്തെ തുടർന്നെന്ന് എഫ്‌ഐആർ. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിന് സൗഹൃദം തുടരാൻ കഴിയാത്ത വിരോധത്തെ തുടർന്നായിരുന്നു കൊലപാതകം എന്ന് കണ്ണൂർ റൂറൽ എസ് പി അനുരാജ് പലിവാൾ പറഞ്ഞു. കൊലയ്ക്കുപയോഗിച്ച തോക്ക് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. സമീപത്തെ പുഴയിൽ പ്രതി തോക്ക് ഉപേക്ഷിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്, അവിടെയും പരിശോധന നടത്തും. പ്രതിയുമായുള്ള ചോദ്യം ചെയ്യൽ തുടരുകയാണെന്നും എസ്.പി കൂട്ടിച്ചേർത്തു.

കൊലപാതകം നടന്ന വീട്ടിൽ ഇപ്പോൾ ഡോഗ് സ്ക്വാർഡും ഫോറെൻസിക്ക് സംഘവും പരിശോധന നടത്തുകയാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ്‌ അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം. രാധാകൃഷ്ണന്റെ വീട് പണിയുടെ നിർമാണം ഏറ്റെടുത്തിരുന്നത് സന്തോഷായിരുന്നു. ഇതിന് മുൻപും സന്തോഷ് രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.

അതേസമയം, രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.പ്രതി സന്തോഷിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ശാസ്ത്രീയ തെളിവുകളിൽ ഒന്നായ തോക്ക് കണ്ടെത്താൻ സാധിക്കൂ.