‘മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും ഹമാസ് തള്ളി; ബന്ദികളെ മോചിപ്പിക്കും വരെ ആക്രമണം തുടരും’; വിശദീകരണവുമായി ഇസ്രയേൽ
ഗസ്സയിൽ വെടിനിർത്തലിനായി മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും ഹമാസ് തള്ളിയതോടെയാണ് വീണ്ടും ആക്രമണമെന്ന വിശദീകരണവുമായി ഇസ്രായേൽ. ലോകരാഷ്ട്രങ്ങൾ ഹമാസിനെതിരെ രംഗത്തുവരണമെന്ന് ഇന്ത്യയിലെ ഇസ്രയേൽ എംബസി വക്താവ് ഗൈ നിർ പറഞ്ഞു. ഇസ്രയേലിൽ നിന്നുള്ള ബന്ദികളെ എത്രയും വേഗം മോചിപ്പിക്കാൻ ഉടൻ ഇടപെടണമെന്നും എംബസി വക്താവ് ആവശ്യപ്പെട്ടു.
പലസ്തീനുമായി ഉണ്ടായിരുന്നത് 42 ദിവസത്തേക്കുള്ള താൽക്കാലിക വെടിനിർത്തൽ മാത്രം ആണുണ്ടായിരുന്നത്. അതിനുശേഷം 17 ദിവസം കൂടി വെടിനിർത്തൽ ഇസ്രായേൽ തുടർന്നു. എല്ലാ ബന്ദികളെയും മോചിപ്പിക്കും വരെ ഈ ആക്രമണം തുടരുമെന്ന് ഗൈ നിർ പറഞ്ഞു. നിഷ്കളങ്കരായ 250 ഓളം പേരെയാണ് വീടുകളിൽ നിന്നും ഹമാസ് തട്ടിക്കൊണ്ടു പോയത്. ലോകരാഷ്ട്രങ്ങൾ ഈ ഭീകര സംഘടനയ്ക്കെതിരെ രംഗത്തുവരണമെന്ന് ഗൈ നിർ ആവശ്യപ്പെട്ടു.
ബന്ദികളെ മുഴുവൻ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിന് ഭാവി ഉണ്ടാകില്ല എന്നും ഗൈ നിർ വ്യക്തമാക്കി. ഭീഷണിയാകുന്ന എല്ലാ ഭീകര സംഘടനകളെയും തുടച്ചുനീക്കുക എന്നത് മാത്രമാണ് സ്ഥിരമായ പരിഹാരമെന്ന് ഗൈ നിർ പറഞ്ഞു. ഗാസയിലേക്ക് കരമാർഗവും ഇസ്രയേൽ ആക്രമണം ആരംഭിച്ചിരുന്നു. മധ്യ തെക്കൻ ഗാസ മുനമ്പിനോട് ചേർന്നുള്ള ഒരു ഇടനാഴി പിടിച്ചടക്കാൻ ലക്ഷ്യമിട്ടാണ് കര വഴിയുള്ള ആക്രമണം.അടുത്ത് ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണം ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗസ്സയ്ക്ക് നേരെ ഉണ്ടായത്. 400 പേരാണ് വ്യോമാക്രമണത്തിൽ മരിച്ചതെന്നാണ് വിവരം. മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ ശക്തിപ്പെടുന്നതിനിടയായിരുന്നു ഇസ്രയേലിന്റെ അപ്രതീക്ഷിതമായ നീക്കം. രണ്ടു മാസത്തോളം നീണ്ട വെടിനിർത്തലിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.