NationalTop News

ഒറ്റയടിക്ക് 41 ശതമാനം വരെ വർദ്ധന: ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ പഠനത്തിന് ചെലവേറും

Spread the love

രാജ്യത്തെ പ്രധാന സർവകലാശാലകളിൽ ഒന്നായ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല അടുത്ത അധ്യയന വർഷത്തേക്കുള്ള ഫീസുകൾ കുത്തനെ കൂട്ടി. 2025-26 അധ്യായന വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലെ ഫീസുകൾ 16 ശതമാനം മുതൽ 41 ശതമാനം വരെയാണ് വർധിപ്പിച്ചത്.

പേർഷ്യൻ വകുപ്പിൽ 6700 രൂപയായിരുന്ന ട്യൂഷൻ ഫീ 9475 രൂപയാക്കി വർദ്ധിപ്പിച്ചു. 41.41 ശതമാനമാണ് വർദ്ധന. അറബിക് വകുപ്പിലും സമാനമാണ് സ്ഥിതി. 7200 രൂപയായിരുന്ന ഫീസ് 9875 രൂപയാക്കി ഉയർത്തി. ഫോറിൻ ലാംഗ്വേജ് പ്രോഗ്രാം, ബി എ ഓണററി തുർക്കിഷ്, മറ്റ് ഭാഷ വകുപ്പുകളിലും 37.15 ശതമാനം ഫീസ് വാർദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ സയൻസ് പ്രോഗ്രാമുകളിൽ 7800 രൂപയായിരുന്ന വാർഷിക ഫീസ് ഇനിമുതൽ 10475 രൂപയായിരിക്കും.

എംഎ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബികോം, സോഷ്യൽ സയൻസ് പ്രോഗ്രാമുകളിൽ ഫീസ് നേരത്തെ ഉണ്ടായിരുന്ന 7425 രൂപ 32.99 ശതമാനം ഉയർത്തി 9875 രൂപയാക്കി. പ്രൊഫഷണൽ കോഴ്സുകളുടെ ഫീസിലും വർദ്ധനവ് ഉണ്ട്. ബിടെക് പ്രോഗ്രാമുകളുടെ കോഴ്സ് ഫീ വർഷം 16150 രൂപയിൽ നിന്ന് വർഷം 19225 ആക്കി. എംടെക് പ്രോഗ്രാമുകളിൽ 21375 രൂപയാണ് പുതുക്കിയ വാർഷിക ഫീസ്.

ബിഎ എൽഎൽബി, എൽ എൽ എം കോഴ്സുകളുടെ ഫീസ് 15,000 ത്തിൽ നിന്ന് 17850 ആക്കി വർദ്ധിപ്പിച്ചു. ഇതിനെല്ലാം പുറമേ സർവകലാശാലയിൽ പുതിയ 14 കോഴ്സുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും.