ആന എഴുന്നള്ളിപ്പ്: സര്‍ക്കാരിന് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും രണ്ട് നിലപാടാണോ എന്ന് ഹൈക്കോടതി
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും രണ്ട് നിലപാടാണോ എന്ന് ഹൈക്കോടതി. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയില്‍ മറച്ചുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശം. സുപ്രീംകോടതിക്ക് മുന്‍പില്‍ എന്തായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് കോടതി ചോദിച്ചു. കോടതികളില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ ആനയിടഞ്ഞുണ്ടായ സംഭവങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്ന് സംശയമെന്നും ഹൈക്കോടതി പറയുന്നു. ഹൈക്കോടതി ഉത്തരവുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം.
ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം വിമര്‍ശനങ്ങളോടെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആനകളുടെ സര്‍വ്വേ നടത്തണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്.