മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ എം കെ സ്റ്റാലിന്‍ വിളിച്ച യോഗം നാളെ; കരിങ്കൊടി പ്രതിഷേധം നടത്താന്‍ ബിജെപി
ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചയോഗം നാളെ ചെന്നൈയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. നാളെ കരിങ്കൊടി പ്രതിഷേധം നടത്താനാണ് ബിജെപിയുടെ നീക്കം.
മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി എന്നിങ്ങനെ ആകെ ഏഴ് സംസ്ഥാനങ്ങളുടെ പ്രതിനിധ്യമാണ് യോഗത്തിലുണ്ടാവുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തന്നെ ചെന്നൈയില്‍ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നും ഇന്ന് എത്തി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്ന് എത്തും.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലിദല്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം, പിജെ ജോസഫ് ജോസ് കെ മാണി എന്നിവരും കേരളത്തില്‍ നിന്നുണ്ടാകും. സീറ്റിന് വേണ്ടിയല്ല അവകാശങ്ങള്‍ക്കായാണ് പോരാട്ടമെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.സ്റ്റാലിന്റെ നീക്കത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പി എം എ സലാമും പ്രശംസിച്ചു.
അതേസമയം, മണ്ഡലപുനര്‍ക്രമീക്രണത്തിനും ത്രിഭാഷാ നയത്തിനും എതിരായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആര്‍എസ്എസിന്റെ പ്രതികരണം. യോഗം നടത്തുന്നതിനെതിരെ ബിജെപി കരിങ്കൊടി പ്രതിഷേധം നടത്തും. സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനുള്ള നാടകമാണ് യോഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു.