ഒറ്റപ്പാലം അർബൻ ബാങ്ക് മുക്കുപണ്ട പണയ തട്ടിപ്പ്; കേസിലെ മുഴുവൻ പ്രതികളും പിടിയിൽ
പാലക്കാട് ഒറ്റപ്പാലം അർബൻ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. സിപിഐഎം തേൻകുറിശ്ശി മുൻ ലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മിറ്റി അംഗവുമായ കെ വി വാസുദേവനും ബന്ധുക്കളുമടക്കം 7 പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. ഒളിവിലായിരുന്ന പ്രതികളെ കൊല്ലത്ത് വെച്ച് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
വാസുദേവനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ഇന്നലെ ചേർന്ന കുഴൽമന്ദം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. വാസുദേവന്റെ ഭാര്യ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗമായ ലക്ഷ്മിദേവി , മകൻ വിവേക്, മകന്റെ ഭാര്യ ശരണ്യ, തിരുവനന്തപുരം കൊല്ലം സ്വദേശികളായ രണ്ടു പേർ എന്നിവരും കേസിൽ പ്രതികളാണ്. ബാങ്കിലെ ജീവനക്കാരനായിരുന്ന മുഖ്യപ്രതി മോഹന കൃഷ്ണൻറെ സഹോദരിയാണ് ലക്ഷ്മിദേവി. ഇയാളാണ് പലരുടെയും പേരിൽ 46 ലക്ഷം രൂപയുടെ മുക്കുപണ്ടം ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിന്റെ പത്തിരിപ്പാല ശാഖയിൽ പണയം വെച്ചത്. ശാഖാ മാനേജർ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം പണയം വെച്ചതാണെന്ന് ബോധ്യമായത്. ഇവരെ രാത്രിയോടെ ഒറ്റപ്പാലത്ത് എത്തിക്കും.