തെറിക്കുത്തരം വന്‍ അധിക്ഷേപം; ഇന്ത്യന്‍ ഉപയോക്താവിനെ ‘ചീത്ത വിളിച്ച’ മസ്‌കിന്റെ ഗ്രോക് എഐ വിവാദത്തില്‍
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഗ്രോക്ക് എഐ ഉപയോക്താവിനെ അസഭ്യം പറഞ്ഞതിന് പിന്നാലെ വിവാദത്തില്‍. ഹിന്ദി ഭാഷയില്‍ തെറി പറഞ്ഞ ഉപയോക്താവിന് എഐ ചാറ്റ് ബോട്ട് ഗ്രോക് അതേ നാണയത്തില്‍ തന്നെ മറുപടി പറഞ്ഞതാണ് എഐ ചാറ്റ്‌ബോട്ടുകളുടെ നല്ല നടപ്പിനെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. എഐ ചാറ്റ് ബോട്ടുകള്‍ ഇത്തരത്തില്‍ പ്രകോപനപരമായ ഭാഷയില്‍ സംസാരിക്കുന്നതില്‍ കേന്ദ്ര ഐടി മന്ത്രാലയം ആശങ്കയറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും തങ്ങളും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നുമാണ് ഗ്രോകിനോട് അടുത്ത വൃത്തങ്ങളുടെ വിശദീകരണം.
ചാറ്റ് ജിപിടിയ്ക്കും ഗൂഗിള്‍ ജെമിനിയ്ക്കും സമാനമായി 2023ലാണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് എഐ എഐ ചാറ്റ്‌ബോട്ടായ ഗ്രോക് ആരംഭിക്കുന്നത്. ടോകാ എന്ന ഉപയോക്താവ് ഗ്രോകുമായി നടത്തിയ സംഭാഷണങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കം. മികച്ച 10 മ്യൂച്വല്‍സ് (പരസ്പരം അറിയുന്ന അക്കൗണ്ടുകള്‍) പറയാമോ എന്ന് ടോകോ ഗ്രോകിനോട് ചോദിക്കുന്നു. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ചാറ്റ്‌ബോട്ടിന് സാധിക്കുന്നില്ല. ഇത് ഉപയോക്താവിനെ ചൊടിപ്പിച്ചു. ഉടന്‍ തന്നെ തന്റെ മാതൃഭാഷയായ ഹിന്ദിയില്‍ മുട്ടനൊരു തെറിവാക്യം ടോകോ ഗ്രോകിനെ വിളിക്കുന്നു. ഗ്രോകും വിട്ടില്ല. ഒളിയും മറയുമില്ലാതെ ഹിന്ദിയില്‍ തന്നെ ഒരു അസഭ്യം ഉപയോക്താവിനെ വിളിച്ച ശേഷം ഒന്ന് ചില്‍ ആക് എന്ന് കൂടി ഗ്രോക് പറഞ്ഞു.
ഈ ചാറ്റ് ഇതേപടി തന്നെ ടോകാ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വന്‍ വൈറലായി. സെന്‍സര്‍ ചെയ്യാതെ ഇത്തരം അസഭ്യവാക്കുകള്‍ ഉപയോക്താക്കളോട് പറയുന്ന പതിവ് ചാറ്റ് ജിപിറ്റി ഉള്‍പ്പെടെയുള്ള എഐ ചാറ്റ്‌ബോട്ടുകള്‍ക്കില്ലെന്നും മസ്‌കിന്റെ ഗ്രോകിന്റേത് അപകടകരമായ പ്രവണതയെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്ര ഐടി മന്ത്രാലയം തന്നെ പ്രതികരണം നടത്തിയത്.