‘പശ്ചിമ ബംഗാളിൽ സിപിഎമ്മുമായി സഖ്യം വേണ്ട’; ഒറ്റയ്ക്ക് മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് സംസ്ഥാന ഘടകം
പശ്ചിമ ബംഗാളിൽ സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് സംസ്ഥാന കോൺഗ്രസ് ഘടകം. ഒറ്റയ്ക്ക് മത്സരിക്കണമെന്ന് സംസ്ഥാന നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. രാഹുൽ ഗാന്ധി വിളിച്ച യോഗത്തിലാണ് നേതാക്കൾ ഈ നിലപാടെടുത്തത്. പാർട്ടി ഒറ്റയ്ക്ക് ശക്തി കൂട്ടണം എന്നാണ് നിർദ്ദേശം. അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളും.
എന്നാൽ കോൺഗ്രസ് നിലപാട് പരസ്യമാക്കട്ടെ എന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്. ഇടതുമുന്നണി എന്തു ചെയ്യണമെന്ന് പാർട്ടി കോൺഗ്രസിനു ശേഷം ചർച്ച ചെയ്യുമെന്നും സിപിഎം പറയുന്നു. അതേസമയം, ശശി തരൂരിൻറെ പ്രസ്താവനയിൽ വിവാദത്തിനില്ലെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. പാർട്ടിക്കകത്ത് അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്താനുള്ള അജണ്ടയിൽ വീഴില്ലെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. സിപിഎം തരൂരിനെ പുകഴ്ത്തിയത് വിചിത്രമാണെന്നും തരൂർ തന്നെ ഇത് പാർട്ടിക്കെതിരായ നിലപാടല്ലെന്ന് വിശദീകരിച്ചതാണെന്നും നേതാക്കൾ വ്യക്തമാക്കുന്നു.