Thursday, March 20, 2025
KeralaTop News

മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേസ്; പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് കൊലപാതകത്തിൽ വിധി ഇന്ന്

Spread the love

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ വിധി ഇന്ന്. ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ കോടതി ഇന്ന് വിധി പറയും. മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 15 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമാവുന്നത്. വിചാരണയുടെ ഭാഗമായി എൺപത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരം ആയിരുന്നുവെന്ന പരാതികളിൽ സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവത്തിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. പിന്നീട് അന്വേഷണത്തിൽ കാര്യങ്ങൾ ഓരോന്നായി പുറത്തുവന്നു. നാട്ടുകാരോട് സൗമ്യനായി പെരുമാറിയിരുന്ന ഷൈബിൻ അഷ്റഫ് ചെയ്ത ക്രൂരതകൾ ഞെട്ടലോടെയാണ് മുക്കട്ടയിലെ ജനങ്ങൾ കേട്ടത്. മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. വ്യവസായിയായ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവുമായിരുന്നു പിന്നിൽ. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറയാൻ തയ്യാറായില്ല. ക്രൂര പീഡനത്തിന് ഒടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെട്ടു.