Thursday, March 20, 2025
NationalTop News

ശംഭു, ഖനൗരി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധ വേദികള്‍ തുടച്ചു നീക്കി പഞ്ചാബ് പൊലീസ്; നേതാക്കള്‍ കസ്റ്റഡിയില്‍ തുടരുന്നു

Spread the love

ശംഭു, ഖനൗരി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധ വേദികള്‍ തുടച്ചു നീക്കി പഞ്ചാബ് പൊലീസ്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നിര്‍മിച്ച കൂടാരങ്ങള്‍ പൊലീസ് പൂര്‍ണമായി പൊളിച്ചു നീക്കി. ദേശീയ പാതയിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്തു. ഡല്‍ഹി അതിര്‍ത്തി കനത്ത ജാഗ്രതയിലാണ്. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) നേതാവ് സര്‍വന്‍ സിംഗ് പാന്ഥേറും സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര) നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളും കസ്റ്റഡിയില്‍ തുടരുകയാണ്.

ശംഭു, ഖനൗരി അതിര്‍ത്തികളില്‍ സമരം ഇരുന്ന മുഴുവന്‍ കര്‍ഷകരും കസ്റ്റഡിയിലായെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് അര്‍ദ്ധരാത്രിയിലെ പഞ്ചാബ് പൊലീസ് നടപടി. കേന്ദ്ര മന്ത്രി പീയുഷ് ഗോയലുമായുള്ള ചര്‍ച്ച പരാചയപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് കര്‍ഷകരുടെ പ്രതിഷേധവേദികള്‍ തുടച്ചുനീക്കി നേതാക്കളെ കസ്റ്റഡിയിലെടുത്തത്. മെയ് 4 ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിനിടെയാണ് പൊലീസിന്റെ ഈ നടപടി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിര്‍ത്തിയിലേക്ക് ബാരിക്കേഡുകള്‍ മറികടന്ന് മാര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കര്‍ഷകര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തെത്തുടര്‍ന്ന്, ഖനൗരി അതിര്‍ത്തിയിലും പഞ്ചാബിലെ സംഗ്രൂര്‍, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. മുന്‍കരുതല്‍ നടപടിയായി ഖനൗരി അതിര്‍ത്തിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.