KeralaTop News

യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായി; തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടം

Spread the love

ഇടുക്കി തൊടുപുഴ നഗരസഭയില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. 12 ന് എതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. ഇതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി.

തൊടുപുഴ നഗരസഭയിലെ 35 അംഗ കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള യുഡിഎഫിന് കഴിഞ്ഞ നാലര വര്‍ഷമായി അധികാരത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അവസാന ലാപ്പില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 14 യുഡിഎഫ് അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകാന്‍ വേണ്ടത് 18 പേരുടെ പിന്തുണ. വിപ്പ് ലംഘിച്ച് നാല് ബിജെപി അംഗങ്ങള്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.

ബിജെപിയുടെ കൂട്ടുപിടിച്ച് നേടിയ വിജയമല്ല എന്നാണ് യുഡിഎഫിന്റെ വാദം. യുഡിഎഫ് – ബിജെപി കൂട്ടുകെട്ട് നല്ല രീതിയില്‍ നടക്കുന്ന ഭരണത്തെ അട്ടിമറിച്ചു എന്ന് എല്‍ഡിഎഫ് ആരോപിച്ചു.

വിപ്പ് ലംഘിച്ച ബിജെപി അംഗങ്ങള്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകും. എന്നാല്‍ കോണ്‍ഗ്രസ് ലീഗ് തര്‍ക്കം നിലനില്‍ക്കുന്ന നഗരസഭയില്‍ ആര് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നതില്‍ തീരുമാനമായിട്ടില്ല. അതേസമയം അവിശ്വാസപ്രമേയത്തിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ച മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ പ്രസിഡന്റായി കോണ്‍ഗ്രസ് അംഗം വത്സമാ സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.