Tuesday, March 18, 2025
Latest:
NationalTop News

മലയാളി പ്രേക്ഷകരോട് തമിഴ് സിനിമ കടപ്പെട്ടിരിക്കുന്നു ; എസ്.ജെ സൂര്യ

Spread the love

മറ്റ് ഭാഷകൾ പോലെയല്ല, മലയാളികൾ തമിഴ് സിനിമ തമിഴിൽ തന്നെ കണ്ടാണ് വിജയിപ്പിക്കുന്നത്, അതിനാൽ തമിഴ് സിനിമ മലയാളി പ്രേക്ഷകരോട് കടമപ്പെട്ടിരിക്കുന്നുവെന്ന് നടൻ എസ്.ജെ സൂര്യ. ചിയാൻ വിക്രം നായകനാകുന്ന ‘വീര ധീര സൂരൻ’ എന്ന ചിത്രത്തിന്റെ പ്രമോഷണൽ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മലയാളവും തമിഴും തമ്മിൽ ഇഴപിരിക്കാനാവാത്ത ബന്ധമാണുള്ളത്. തെലുങ്കിലൊക്കെ തമിഴ് സിനിമകൾ ഡബ്ബ് ചെയ്താണ് പ്രദർശിപ്പിക്കുന്നത്, എന്നാൽ മലയാളത്തിൽ തമിഴിൽ തന്നെ അവർ നമ്മുടെ ചിത്രങ്ങൾ കണ്ടാസ്വദിക്കുന്നു. പണ്ടൊക്കെ മലയാളം സിനിമകൾ തമിഴ്‌നാട്ടിൽ അങ്ങനെ പ്രദർശിപ്പിക്കാറില്ല, പകരം റീമേക്ക് ചെയ്യുകയാണ് പതിവ്. ഇപ്പോഴാണ് മഞ്ഞുമ്മൽ ബോയ്സും, പ്രേമലുവും ഒക്കെ വരുന്നത്. ഇപ്പോൾ അവരുടെ ചിത്രങ്ങൾ നമ്മൾ മലയാളത്തിൽ തന്നെ കണ്ടാസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. ചില ഗ്രാമപ്രദേശങ്ങളിലൊക്കെ ഡബ്ബ് ചെയ്ത് പ്രദർശിപ്പിക്കാറുണ്ടെങ്കിൽ പോലും.” എസ്.ജെ സൂര്യ പറഞ്ഞു.

തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എസ്.ജെ സൂര്യക്കൊപ്പം ചിയാൻ വിക്രം, സുരാജ് വെഞ്ഞാറമ്മൂട്, തുഷാര വിജയൻ, ദിവ്യദർശിനി, സംവിധായകൻ അരുൺ കുമാർ എന്നിവരും ഉണ്ടായിരുന്നു. തമാശകൾ പറഞ്ഞു ഒപ്പമിരുന്നവരെ വേഗം സുരാജ് വെഞ്ഞാറമ്മൂട് കയ്യിലെടുത്തു. ചിത്രീകരണ സമയത്തുണ്ടായ രസകരമായ സംഭവങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ സുരാജ് വിവരിച്ചപ്പോൾ പൊട്ടിചിരിച്ചുകൊണ്ടാണ് വിക്രവും സംഘവും അദ്ദേഹത്തിന്റെ കൗണ്ടറുകളെ സ്വീകരിച്ചത്. സുരാജിന്റെ അഭിനയ സിദ്ധിയെയും ദേശീയ പുരസ്‌കാര നേട്ടത്തെയുമെല്ലാം അഭിമുഖത്തിൽ ചിയാൻ വിക്രമടക്കം പരാമർശിക്കവെയാണ് മലയാളികളെക്കുറിച്ചും നടൻ വാചാലനായത്.

മാർച്ച് 27 ന് എമ്പുരാനൊപ്പമാണ്, വീര ധീര സൂരൻ റിലീസ് ചെയ്യുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട ‘ചിത്ത’ എന്ന ചിത്രത്തിന് ശേഷം അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മലയാളിയായ റിയ ഷിബുവാണ്. ജി.വി പ്രകാശ് കുമാർ സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് തേനി ഈശ്വറും, എഡിറ്റിങ് പ്രസന്ന ജി.കെയുമാണ്.