KeralaTop News

ബ്രൂവറിയെ ന്യായീകരിച്ചിട്ട് വരുന്ന മന്ത്രി വിമുക്തിയുടെ പരിപാടിയ്ക്ക് കൂടി എത്തുമ്പോള്‍ കുട്ടികള്‍ ചോദിക്കില്ലേ, മന്ത്രി കുമ്പിടിയോ എന്ന്: രാഹുല്‍ മാങ്കൂട്ടത്തില്‍

Spread the love

ലഹരിയ്‌ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് സൂചിപ്പിച്ച് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഒയാസിസ് ബ്രൂവറിയ്ക്ക് വേണ്ടിയും വിമുക്തി പരിപാടിയിലും ഒരേ പോലെ സംസാരിക്കേണ്ടി വരുന്ന അവസ്ഥയാണ് എക്‌സൈസ് വകുപ്പ് മന്ത്രിക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ പറഞ്ഞു. ബ്രൂവറിയെ ന്യായീകരിച്ച ശേഷം മന്ത്രി വിമുക്തിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോള്‍ മന്ത്രി എന്താ കുമ്പിടിയാണോ എന്ന് ഏതെങ്കിലും കുട്ടി ചോദിക്കില്ലേ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

ലഹരിയ്‌ക്കെതിരായ പ്രതിരോധത്തിന് ആവശ്യത്തിന് എക്‌സൈസ് ഉദ്യോഗസ്ഥരോ സജ്ജീകരണങ്ങളോ എക്‌സൈസ് വകുപ്പിന് ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരി ഉപയോഗത്തിന്റെ ഭാഗമായി മാത്രം 37 കൊലപാതകങ്ങള്‍ നടന്ന നാടാണ് കേരളം. ഈ സംസ്ഥാനത്ത് എക്‌സൈസ് സേനയില്‍ ആകെയുള്ള 5603 പേര്‍ മാത്രമാണ്. അവരുടെ ചുമതലകള്‍ക്കൊപ്പം ബോധവത്കരണം കൂടി അധികമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കപ്പെടുകയാണ്. ഇത് എത്രയും വേഗം മറ്റേതെങ്കിലും വകുപ്പുകളെ ഏല്‍പ്പിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയില്‍ ഉള്‍പ്പെടെ വളരെ പരിമിതമായ സാഹചര്യങ്ങളിലാണ് എക്‌സൈസ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ സഭയില്‍ ചൂണ്ടിക്കാട്ടി. പാലക്കാട്ടെ 9 ചെക്‌പോസ്റ്റില്‍ 7 ചെക്‌പോസ്റ്റിലും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇല്ല. കുറേ തസ്തികകള്‍ ഒഴിവ് വന്നിട്ടും കൃത്യമായി നിയമനങ്ങള്‍ നടക്കുന്നില്ല. പ്രതികള്‍ക്ക് പിന്നാലെ പോകാന്‍ എക്‌സൈസിന് നല്ല വാഹനങ്ങളില്ല. പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വാഹനമുണ്ട് ഡ്രൈവറില്ല. നെന്മാറയില്‍ വാഹനമില്ല ഡ്രൈവറുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്ന തോക്ക് പോലും തിരികെ വാങ്ങി. കള്ളിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ഓഫിസ് ഇരിക്കുന്നത് വ്യാജമദ്യക്കേസിലെ പ്രതിയുടെ കെട്ടിടത്തിലാണ്. ഈ വിധത്തില്‍ പരിതാപകരമായ അവസ്ഥയിലാണ് എക്‌സൈസ് വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.