KeralaTop News

‘ഭക്തിയുടെ കൂട്ടായ്മയാണ് ഉത്സവങ്ങൾ; കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനം നടക്കാൻ പാടില്ലാത്തത്’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Spread the love

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനം സാഹചര്യം വിശദീകരിക്കണമെന്ന് കേരള ഹൈക്കോടതി. ദേവസ്വം ബോർഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണം. ദേവസ്വം ബോർഡിൻ്റെ നിലപാടിൽ പ്രഥമദ്യഷ്ടാ തൃപ്തിയില്ലെന്ന് കോടതി വ്യക്തമാക്കി. വലിയ തുക ചിലവാക്കിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഭക്തരുടെ പണമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗാനമേളയുടെ ദൃശ്യങ്ങൾ പരിശോധിച്ചാണ് കോടതി വിലയിരുത്തൽ. ക്ഷേത്രോത്സവങ്ങളുടെ പവിത്രതയെ കളങ്കപ്പെടുത്തുന്ന ദേവസ്വം ബോർഡിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. ഭക്തരുടെ പണമാണ് ധൂർത്തടിച്ച് കളയുന്നത്. ക്ഷേത്രോത്സവങ്ങൾ തികച്ചും വ്യത്യസ്തമാണ്.

ഭക്തിയുടെ കൂട്ടായ്മ കൂടിയാണ് ഉത്സവങ്ങൾ. സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്‌ക്കുന്നതെന്ന് കോടതി ചോദിച്ചു. ക്ഷേത്രത്തിലെ ലൈറ്റ്- സ്റ്റേജ് അലങ്കാരങ്ങളെയും കോടതി വിമർശിച്ചു. ഭക്തരുടെ കൈയിൽനിന്ന് ശേഖരിക്കുന്ന പണം ഇത്തരം അലങ്കാരങ്ങൾക്ക് ചെലവാക്കാൻ ഉള്ളതല്ല. പണം കൂടുതൽ ഉണ്ടെങ്കിൽ അത് ക്ഷേത്രത്തിൽ വരുന്നവർക്ക് അന്നദാനത്തിനായി ഉപയോ​ഗിക്കണം.

അല്ലാതെ ദേവിയ്‌ക്കായി ഭക്തർ നൽകുന്ന പണം ധൂർത്തടിച്ചു കളയാനുള്ളതല്ലെന്നും കോടതി കൂട്ടിച്ചേർത്തു. എന്നാൽ അന്വേഷണം നടത്താൻ ചീഫ് വിജിലൻസ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ദേവസം ബോർഡ് പറഞ്ഞു.ക്ഷേത്ര ഉപദേശക സമിതിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. പ്രോഗ്രാം നോട്ടീസ് നൽകിയിരുന്നില്ല എന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.