KeralaTop News

ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നെന്ന് സമ്മതിച്ച് 12 വയസുകാരി; പാപ്പിനിശ്ശേരി കൊലപാതകത്തിന്റെ ചുരുളഴിയുന്നു

Spread the love

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ബന്ധുവായ 12 വയസുകാരി. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് പോയി കിണറ്റിലെറിഞ്ഞുവെന്നാണ് കുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കും.

കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ മകളാണ് പൊലീസിനോട് കൊലക്കുറ്റം സമ്മതിച്ചിരിക്കുന്നത്. ഈ കുട്ടിയും കുഞ്ഞും ഒരേ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കൃത്യം നടത്തിയതെന്നും കുട്ടി സമ്മതിച്ചു. താന്‍ ശുചിമുറിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്ന് പറഞ്ഞ് വീട്ടുകാരെയാകെ ഉണര്‍ത്തുന്നതും ഈ കുട്ടി തന്നെയാണ്. ആദ്യ ഘട്ടത്തില്‍ കുട്ടിയോട് സംസാരിച്ചപ്പോള്‍ തന്നെ പൊലീസിന് ചില സംശയങ്ങള്‍ തോന്നിയിരുന്നു. 12 വയസുകാരിയുടെ പിതാവ് നേരത്തെ മരിച്ചുപോയിരുന്നു. കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കള്‍ കുട്ടിയെ ഒപ്പം നിര്‍ത്തി സംരക്ഷിച്ചുവരികയായിരുന്നു. ക്രൂരകൃത്യത്തിന് പ്രകോപനമായത് എന്തെന്ന് പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

തമിഴ്‌നാട് സ്വദേശികളായ മുത്തു, അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വാടക കോട്ടേഴ്‌സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പന്ത്രണ്ട് മണിയോടെ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.