ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു
ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. വെറ്ററിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. മയക്കുവെടി വച്ചതിനു ശേഷവും കടുവ അധികം ദൂരത്തേക്ക് പോയിട്ടില്ല. കാലില്‍ മുറിവേറ്റ കടുവയ്ക്ക് ചികിത്സ നല്‍കും. തുടര്‍ന്ന് തേക്കടിയിലേക്ക് കൊണ്ട് പോകും.
കഴിഞ്ഞ ദിവസം ഗ്രാമ്പിയിലാണ് ഈ കടുവയുണ്ടായിരുന്നു. അവിടെ കൂടുള്‍പ്പടെ സ്ഥാപിച്ച് പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും അതിനു സാധിച്ചിരുന്നില്ല. പിന്നീട് ഗ്രാമ്പിയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം മാറിയുള്ള അരണാക്കല്‍ മേഖലയിലേക്ക് കടുവ ഇന്ന് പുലര്‍ച്ചെ എത്തുകയും പ്രദേശത്ത് ഒരു പശുവിനെ ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഡ്രോണ്‍ ഉള്‍പ്പടെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കടുവയെ കണ്ടെത്തുകയും മയക്കുവെടി വെക്കുകയുമായിരുന്നു.