SportsTop News

ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്; നടപടി ഒരേ സമയം രണ്ട് ടൂര്‍ണമെന്റില്‍ കരാര്‍ നല്‍കിയതിന്

Spread the love

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സമാനമായി പാകിസ്താനില്‍ സംഘടിപ്പിച്ചു വരുന്ന ക്രിക്കറ്റ് ടൂര്‍ണമന്റാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ്. വിവിധ രാജ്യങ്ങളിലെ വിലയേറിയ താരങ്ങള്‍ കളിക്കാനെത്താറുള്ള ലീഗിന്റെ മുന്നോടിയായി ഇപ്പോള്‍ ഒരു താരത്തെ ചൊല്ലി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമനടപടികള്‍ തുടങ്ങിയിരിക്കുകയാണ്. വരാനിരിക്കുന്ന പിഎസ്എല്‍ സീസണിന് മുന്നോടിയായി കരാര്‍ ബാധ്യതകള്‍ ലംഘിച്ചുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം കോര്‍ബിന്‍ ബോഷിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നിയമപരമായി നോട്ടീസ് അയച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സുമായി ബോഷ് കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും രണ്ട് ടൂര്‍ണമെന്റുകളും ഏകദേശം ഒരേ സമയത്ത് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കന്‍ താരം പിഎസ്എല്ലിനോടുള്ള കരാര്‍ ലംഘിക്കുമെന്നാണ് ആരോപണം. 2025 ജനുവരിയില്‍ ലാഹോറില്‍ നടന്ന പിഎസ്എല്‍ ലേലത്തില്‍ പെഷവാര്‍ സാല്‍മി എന്ന ഫ്രഞ്ചൈസി ബോഷിനെയും തിരഞ്ഞെടുത്തിരുന്നു. മുപ്പതുകാരനായ പേസറെ സഹ ദക്ഷിണാഫ്രിക്കന്‍ സീമര്‍ ലിസാദ് വില്യംസിന് പകരക്കാരനായി മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ തുടങ്ങിയാല്‍ താരത്തെ പാകിസ്താനിലെ ലീഗിലേക്ക് ലഭ്യമാകാനിടയില്ല എന്ന കാര്യം ചൂണ്ടിക്കാട്ടുകയാണ് പിസിബി. അതേ സമയം ഐപിഎല്‍-2025 മാര്‍ച്ച് 22 മുതല്‍ മെയ് 25 വരെയാണ് നടക്കുന്നത്. പിഎസ്എല്‍ ആകട്ടെ ഏപ്രില്‍ 11 മുതല്‍ മെയ് 18 വരെയാണ് സംഘടിപ്പിക്കുന്നത്.