തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കേസ്
തിരുവനന്തപുരം പള്ളിക്കൽ പകൽക്കുറിയിൽ മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കേസ്. പകൽക്കുറി ആശാൻവിള സ്വദേശിക്കെതിരെയാണ് കേസെടുത്തത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മദ്യ ലഹരിയിൽ എത്തിയ മകൻ 85 വയസ് പ്രായമുള്ള മാതാവിനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
അതിക്രമത്തിനിടെ പരുക്കേറ്റ മാതാവിനെ പാരിപള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. ഈ സമയം പ്രതിയുടെ സഹോദരൻ്റെ മകൾ വീട്ടിൽ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണു പരുക്കേറ്റു. തുടർന്ന് പള്ളിക്കൽ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വീഴ്ചയിൽ പരുക്കേറ്റതിനാൽ പ്രതിയേയും പോലീസ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്ന് അമ്മയ്ക്ക് സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പള്ളിക്കൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.