അഹിന്ദുക്കൾക്ക് കേദാർനാഥിൽ പ്രവേശയം പാടില്ലെന്ന് ബിജെപി നേതാവ്; പ്രസ്‌താവനയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്; ഉത്തരാഖണ്ഡിൽ പുതിയ വിവാദം
കേദാർനാഥ് ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കണമെന്ന ഉത്തരാഖണ്ഡ് ബിജെപി നേതാവ് ആശ നൗട്ടിയാലിന്റെ പരാമർശം വിവാദമായി. അഹിന്ദുക്കൾ ക്ഷേത്രത്തിന്റെ പവിത്രത തകർക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ബി.ജെ.പിയെ അതിരൂക്ഷമായാണ് വിമർശിച്ചത്.
കേദാർനാഥ് ക്ഷേത്രത്തിനടുത്ത് മദ്യം, മാംസം, മത്സ്യം എന്നിവ വിളമ്പുന്നുണ്ടോയെന്നത് സംബന്ധിച്ച് സമഗ്രമായി അൻ്വേഷിക്കണമെന്നും കേദാർനാഥ് ക്ഷേത്രത്തിൻ്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന എന്തെങ്കിലും ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ആ അഹിന്ദുക്കൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം വിലക്കണമെന്നുമായിരുന്നു ആശ നൗട്ടിയാലിൻ്റെ പ്രതികരണം. അഹിന്ദുക്കളാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും എംഎൽഎ ആരോപിച്ചിരുന്നു.
ഇതിനെതിരെ രംഗത്ത് വന്ന ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് ദേവഭൂമിയാണെന്നും അതിനെ എത്രകാലം ബിജെപി മതവുമായി ബന്ധിപ്പിക്കുമെന്നും ചോദിച്ചു. ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ബിജെപി നേതാക്കളുടെ സ്ഥിരം പതിവാണ്. ജനങ്ങളോട് മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏപ്രിൽ 30 ന് അക്ഷയ ത്രിതീയ ദിനത്തിലാണ് കേദാർനാഥ് യാത്ര ആരംഭിക്കുന്നത്. ഗംഗോത്രി, യമുനോത്രി ധാമുകൾ ഈ സമയത്ത് തുറക്കും. കേദാർനാഥ് ധാം മെയ് 2 നും ബദ്രിനാഥ് ധാം മെയ് നാലിനും തുറക്കും.