‘ഗ്രാമ്പിയിലെ കടുവ അവശനിലയില്‍, മയക്കുവെടി വെക്കുന്നത് റിസ്‌ക്, എങ്കിലും ജനങ്ങളുടെ ആശങ്ക പരിഗണിക്കുന്നു’; മന്ത്രി എ കെ ശശീന്ദ്രന്‍
ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ എത്തിയ കടുവ അവശനിലയിലെന്നും വെല്ലുവിളി ഏറ്റെടുത്ത് മയക്കുവെടി വെക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. കടുവ അവശനിലയിലാണ്. എന്നുമാത്രമല്ല, ഏഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ് എന്നതാണ് ഡോക്ടര്‍മാരുടെ നിഗമനം. ആ കടുവയെ മയക്ക് വെടി വച്ചാല്‍ ചികിത്സിക്കാനോ രക്ഷിക്കാനോ സാധ്യമല്ല എന്നൊരു നിഗമനത്തിലാണ് കൂട് വച്ച് പിടിക്കാനുള്ള പ്രക്രിയ ആരംഭിച്ചത്. പക്ഷേ ഇതുവരെയായിട്ടും ഇതില്‍ പുരോഗതിയില്ല. ആ സാഹചര്യത്തില്‍ റിസ്‌ക് എടുത്ത് മയക്കുവെടി വച്ച് പിടിക്കാനുള്ള ഉത്തരവ് പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദൗത്യങ്ങള്‍ ഒരേ സമയം വനംവകുപ്പിന് നിര്‍വഹിക്കേണ്ടതായി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവിയെ സംരക്ഷിക്കുകയും മനുഷ്യനെ രക്ഷിക്കുകയും ചെയ്യുന്നതിനുള്ള രണ്ട് ദൗത്യങ്ങള്‍ ഒരേ സമയം ഏറ്റെടുക്കുമ്പോള്‍ വലിയ മാനസിക സംഘര്‍ഷമുണ്ടെന്നും അതൊക്കെ മാറ്റിവച്ച് വനംവകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ വളരെ ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രദേശത്ത് അപകടമില്ലാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുതന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയണമെന്ന നിലയിലാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത് – അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ന് രാവിലെ മുതല്‍ കടുവ എവിടെ എന്ന് ലൊക്കേറ്റ് ചെയ്യാന്‍ വനം വകുപ്പിന് സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇന്നലെ വൈകിട്ട് വരെ ഡ്രോണില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിയുകയും എവിടെയാണുള്ളതെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പിന് വീഴ്ചയുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. കടുവയേ നിരീക്ഷിക്കുന്നതില്‍ വനംവകുപ്പിന് വീഴ്ചയെന്നും അനുകൂല സാഹചര്യം ഉണ്ടായിട്ടും ഇന്നലെ കടുവയെ പിടികൂടിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. കടുവയെ പിടികൂടിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ഇവര്‍ വ്യക്തമാക്കി. നിലവില്‍ സ്‌നിഫര്‍ ഡോഗിനെ എത്തിച്ചുകൊണ്ടുള്ള പരിശോധനയാണ് പ്രദേശത്ത് നടക്കുന്നത്.