സ്ത്രീത്വത്തെ അപമാനിച്ചു; നടൻ ബാലയുടെ ഭാര്യയുടെ പരാതിയിൽ യൂട്യൂബർ അജു അലക്സിനെതിരെ കേസ്
നടൻ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയിൽ കേസെടുത്ത് പോലീസ്. ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സൈബർ ക്രൈം പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
മുൻ പങ്കാളി എലിസബത്തിനും യൂട്യൂബർ അജു അലക്സിനുമെതിരെ ബാലയും ഭാര്യ കോകിലയും രംഗത്തെത്തിയിരുന്നു,. സമൂഹ മാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്താൻ മുൻ ഭാര്യ അമ്യതയുമായി ചേർന്ന് ഇരുവരും ശ്രമിക്കുന്നുവെന്നാണ് പരാതി. യൂട്യൂബർ അജു അലക്സുമായി ചേർന്ന് മുൻ പങ്കാളി എലിസബത്ത് നിരന്തരമായി അധിക്ഷേപിച്ചുവെന്നും , 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതാണ് വിരോധത്തിന് പിന്നിലെന്നുമാണ് ബാലയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിൽ നേരിട്ടെത്തി ഇരുവരും പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ BNS 78,79 ഐ ടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബാലയുടെ മുൻ പങ്കാളിയും ഗായികയുമായ അമൃത സുരേഷ്, എലിസബത്ത്, അജു അലക്‌സ് എന്നിവർക്കെതിരെയായിരുന്നു കോകിലയുടെ പരാതി. സോഷ്യൽ മീഡിയയിൽ ബാലയ്ക്കെതിരെ മുൻ പങ്കാളിയായിരുന്ന എലിസബത്ത് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ പ്രത്യാരോപണവുമായി ബാലയും രംഗത്തെത്തിയിരുന്നു.