KeralaTop News

തിരുവനന്തപുരം മെഡി. കോളജില്‍ വന്‍ വീഴ്ച; പരിശോധനക്കയച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരൻ മോഷ്‌ടിച്ചു

Spread the love

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു. പരിശോധനയ്ക്കായി ലാബിൽ എത്തിച്ച സാമ്പിളുകളാണ് മോഷ്ടിക്കപ്പെട്ടത്. സാമ്പിളുകൾ കാണാതായതോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ മോഷ്ടിച്ചതായി മനസ്സിലാക്കിയത്.

പരിശോധനയിൽ ഇയാളിൽ നിന്നും സാമ്പിളുകൾ കണ്ടെടുത്തു. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് ആക്രിക്കാരന്റെ കൈയില്‍ നിന്ന് കണ്ടെത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രിക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു.

ശസ്ത്രക്രിയ നടത്തിയവരുടെ രോഗ നിര്‍ണയം നടത്തുന്നതിനാണ് സ്‌പെസിമെനുകള്‍ പരിശോധനക്കയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളായിരുന്നു ഇന്ന് അയച്ചത്. ഇതാണ് മോഷണം പോയത്. ആംബുലന്‍സില്‍ ഡ്രൈവറും ആശുപത്രിയിലെ ഒരു ജീവനക്കാരനുമാണ് പരിശോധനക്കായി ശരീരഭാഗങ്ങള്‍ കൊണ്ടുപോകാറുള്ളത്.

പതിവുപോലെ പരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശരീരഭാഗങ്ങളാണെന്നറിയാതെയാണ് മോഷ്ടിച്ചതെന്നാണ് പ്രഥമിക വിവരം. സ്‌പെസിമെനുകള്‍ എങ്ങനെ ആക്രിക്കാരന് കിട്ടിയെന്നതില്‍ ദുരൂഹത തുടരുകയാണ്.