കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ ലഹരി വേട്ട; കഞ്ചാവ് എത്തിച്ചത് മൂന്നാം വർഷ വിദ്യാർഥിക്കായി
കളമശേരി ഗവ. പോളിടെക്നിക്ക് കോളജിലെ ലഹരിക്കേസിലെ പ്രധാനി കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർത്ഥിയെന്ന് പൊലീസ്. ഇയാൾ ഒളിവിലാണ്. കഞ്ചാവ് എത്തിച്ചത് ഇയാൾക്ക് വേണ്ടി എന്ന് പ്രതികളായ ആഷിഖും, ഷാലിഖും മൊഴി നൽകി. മൂന്നാം വർഷ വിദ്യാർഥിക്കായി അന്വേഷണം ഊർജിതമാക്കി.
ആരോപണ വിധേയരായ കെഎസ്‌യു പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് വിട്ടയച്ചു. ഓഫർ നൽകിയാണ് കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടക്കുന്നത് എന്ന് വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്. 500 രൂപയുടെ കഞ്ചാവ് മുൻകൂറായി പണം നൽകിയാൽ 300 രൂപയ്ക്ക് ലഭിക്കുന്നതാണ് ഓഫർ. ഹോളി ആഘോഷത്തിന് വേണ്ടി കോളേജിലേക്ക് ലഹരി എത്താൻ സാധ്യതയുണ്ട് പോളിടെക്നിക് പ്രിൻസിപ്പൽ ഐജു തോമസ് ഡിസിപിക്ക് പരാതി നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചായിരുന്നു പോലീസ് പരിശോധന.
പൂർവ വിദ്യാർത്ഥികളായ ആഷിഖിനും ,ഷീലിഖിനും കഞ്ചാവ് കൊടുത്തിരുന്നത് ഇതരസംസ്ഥാനക്കാരെന്നാണ് മൊഴി. ഇവരിൽ ചിലർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ആവശ്യത്തിന് അനുസരിച്ച് ആഷിഖും, ഷാലിഖും ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നതായിരുന്നു രീതി. ഇതിന് മുൻപും ഹോസ്റ്റലിൽ ഇവർ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് തൃക്കാക്കര എസിപി പി വി ബെന്നി പറഞ്ഞു. ഹോസ്റ്റലിൽ നിന്ന് പിടികൂടിയ രണ്ട് കിലോ കഞ്ചാവ് ആകാശിന് നൽകിയത് ആഷിഖ് എന്നായിരുന്നു മൊഴി.
പതിനാലാം തീയതി കോളേജ് നടത്തുന്ന ഹോളി ആഘോഷത്തിലേക്ക് മദ്യവും മയക്കുമരുന്ന് എത്തിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൾ ഡിസിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. പോലീസ് പരിശോധനയും പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസിന്റെ പരിശോധന. പോളിടെക്നിക് ഹോസ്റ്റലിൽ മുൻപും വ്യാപകമായി മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.