ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ 570 പേര്‍ പ്രതികളാണ്. 3568 റെയ്ഡുകളും 33709 വാഹന പരിശോധനയും നടന്നു. പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേര്‍ന്നുള്ള 50 സംയുക്ത പരിശോധനകളും നടന്നു.
സംയുക്ത പരിശോധനയിൽ 555 പേരെ പിടികൂടുകയും മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചെടുത്തു. ഒളിവില്‍ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. പരിശോധനയില്‍ 64.46 ഗ്രാം എംഡിഎംഎ, 25.84 ഗ്രാം മെത്താംഫിറ്റമിന്‍, 39.56 ഗ്രാം ഹെറോയിന്‍, 14.5 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകള്‍ എന്നിവ പിടികൂടി. 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയില്‍, 20 ഗ്രാം ചരസ് എന്നിവയും പിടിച്ചെടുത്തു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയില്‍ 450 അബ്കാരി കേസുകളും, 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്. 10,430 ലിറ്റര്‍ സ്പിരിറ്റ്, 931.64 ലിറ്റര്‍ അനധികൃത വിദേശമദ്യം, 3048 ലിറ്റര്‍ വാഷ്, 82 ലിറ്റര്‍ ചാരായം, 289.66 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും എക്‌സൈസ് പിടികൂടി. സ്കൂൾ, കോളേജ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ മന്ത്രി എംബി രാജേഷ് നിർദേശം നൽകി. മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു. മാർച്ച് 5 മുതൽ 12 വരെയായിരുന്നു എക്സൈസിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് നടന്നത്. ഇത് ഒരാഴ്ച കൂടി നീട്ടാനാണ് തീരുമാനം.