Top NewsWorld

ട്രംപ് വന്നതോടെ റിസ്ക് കൂടി, സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റി ആളുകള്‍; ഗോള്‍ഡ് ഇടിഎഫിനും മികച്ച പ്രതികരണം

Spread the love

അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ആഗോള സമ്പത്തിക്ക രംഗത്ത് വലിയ അനിശ്ചിതത്വങ്ങളാണ് നിലനില്‍ക്കുന്നത്. രാജ്യങ്ങള്‍ക്ക് മേല്‍ തീരൂവ ചുമത്തുന്ന ട്രംപിന്‍റെ നിലപാട് ആഗോള വ്യാപാര രംഗത്തെ പ്രതികൂലമായി ബാധിച്ചു. ഈ അനിശ്ചിതത്വങ്ങളും വ്യാപാരയുദ്ധവും സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണ്ണത്തിന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മറ്റുള്ള നിക്ഷേപ മാര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക് അഥവാ ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് പ്രിയമേറി വരികയാണ്.

ട്രംപ് അധികാരമേറ്റ ശേഷം ആഗോള സമ്പദ് വ്യവസ്ഥയിലും ഓഹരി വിപണികളിലും ചാഞ്ചാട്ടം ഉണ്ടായപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ നിക്ഷേപകരായിരുന്നു കൂടുതലായി ഗോള്‍ഡ് ഇടിഎഫില്‍് നിക്ഷേപം നടത്തി തുടങ്ങിയത്. അമേരിക്കന്‍ ഓഹരി വിപണികളും പിന്നീട് താഴേക്ക് പോയപ്പോള്‍ യുഎസ് നിക്ഷേപകരും ഇപ്പോള്‍ സ്വര്‍ണ്ണത്തില്‍ കൂടുതലായി നിക്ഷേപിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം യൂറോപ്പ് ലിസ്റ്റഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ സ്വര്‍ണ്ണ നിക്ഷേപം 46.7 മെട്രിക് ടണ്‍ വര്‍ദ്ധിച്ച് 1334 ടണ്‍ ആയി
ഓഹരി വിപണികളിലെ ഇടിവ് സ്വര്‍ണ്ണത്തിന് അനുകൂലമായി

ട്രംപ് അധികാരമേറ്റശേഷം ആദ്യഘട്ടങ്ങളില്‍ യുഎസ് ഓഹരി വിപണികളില്‍ വലിയ മുന്നേറ്റം ഉണ്ടായെങ്കിലും ഇപ്പോള്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളിലും കനത്ത നഷ്ടം നേരിടുന്നു. ഇത് ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാന്‍ കാരണമായിട്ടുണ്ട്. ആഭ്യന്തര വിപണികളില്‍ സ്വര്‍ണ വില റ്ക്കൊേര്‍ഡ് നിലയിലെത്തി. കഴിഞ്ഞ 15 മാസത്തിനുള്ളില്‍ പവന്‍ വിലയില്‍ 18920 രൂപയുടെ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്. വിലയില്‍ 40%ല്‍ അധികം വര്‍ദ്ധനവാണ് ഉണ്ടായത്. 2024 ജനുവരി 1ന് 46840 രൂപയായിരുന്നു പവന്‍ വില. ഇന്നത് 65760 രൂപയാണ്.
എന്താണ് ഗോള്‍ഡ് ഇടിഎഫ്?

ഓഹരികളില്‍ നിക്ഷേപിക്കുന്നതുപോലെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഗോള്‍ഡ് ഇടിഎഫ്. ഇത് ഓഹരികള്‍ പോലെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം .ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കുക എന്നാല്‍ ഇലക്ട്രോണിക് രൂപത്തില്‍ സ്വര്‍ണ്ണം വാങ്ങുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വര്‍ണ്ണ വിലകളെ അടിസ്ഥാനമാക്കിയുള്ളതും സ്വര്‍ണ്ണ ബുള്ളിയനില്‍ (ഭൗതിക സ്വര്‍ണ്ണം) നിക്ഷേപിക്കുന്നതുമായ നിക്ഷേപമാണ് ഗോള്‍ഡ് ഇടിഎഫ്. ഒരു യൂണിറ്റ് ഗോള്‍ഡ് ഇടിഎഫ് 1 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യമാണ്, ഇത് ഡീമാറ്റ് രൂപത്തിലോ പേപ്പര്‍ രൂപത്തിലോ സൂക്ഷിക്കാം. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഗോള്‍ഡ് ഇടിഎഫുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് ഏതൊരു കമ്പനിയുടെയും സ്റ്റോക്ക് പോലെയാണ് ഇവ വ്യാപാരം നടത്തുന്നത്. മറ്റ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നതുപോലെ, ബിഎസ്ഇ, എന്‍എസ്ഇ എന്നിവയുടെ ക്യാഷ് വിഭാഗത്തില്‍ ഇത് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.