NationalTop News

സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ചിഹ്നം വെട്ടി തമിഴ്‌നാട് സര്‍ക്കാര്‍

Spread the love

സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ചിഹ്നം വെട്ടി തമിഴ്‌നാട് സര്‍ക്കാര്‍. ‘₹’ ചിഹ്നം മാറ്റി പകരം തമിഴ് ചിഹ്നമായ ‘രു’ ചേര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വ്യത്യാസം വ്യക്തമാകുന്നത്. ഭാഷാപ്പോര് നിലനില്‍ക്കേയാണ് സര്‍ക്കാര്‍ നീക്കം. നാളെയാണ് സംസ്ഥാന ബജറ്റ്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷനയത്തില്‍ കേന്ദ്രത്തിനെതിരേ തുറന്നയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍കൂടിയാണ് മാറ്റം ചര്‍ച്ചയാകുന്നത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നി ഔദ്യോഗികമായ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ഇതില്‍ നിയമവിരുദ്ധമായ ഒന്നുമില്ലെന്നും ഇതൊരു ഏറ്റുമുട്ടലല്ലെന്നും ശരവണന്‍ അണ്ണാദുരൈ പ്രതികരിച്ചു. ഞങ്ങള്‍ തമിഴിനാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇതുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമെന്ന് പാര്‍ട്ടി ഔദ്യോഗിക വക്താവ് നാരായണന്‍ തിരുപ്പതി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വേറിട്ട് നില്‍ക്കാനുള്ള ഡിഎംകെയുടെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം കെ സ്റ്റാലിന്‍ എത്ര ബുദ്ധിശൂന്യന്‍ എന്നായിരുന്നു വിഷയത്തിലുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ പ്രതികരണം.