എയർപോർട്ടിൽ നിന്ന് പരിശോധന ഇല്ലാതെ പുറത്തെത്തിച്ചു, സ്വർണ്ണം കടത്താൻ നടി രന്യ റാവുവിനെ സഹായിച്ചത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ
ബെംഗളൂരു വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ നടി രന്യ റാവുവിനെ സഹായിച്ചത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറെന്ന് ഡിആർഐ. ഗ്രീൻ ചാനൽ വഴി പരിശോധനകളില്ലാതെ പുറത്ത് കടക്കാൻ ഓഫീസർ രന്യയെ അനുഗമിച്ചെന്നാണ് കണ്ടെത്തൽ.
ഒരു വർഷത്തിനിടെ പതിനഞ്ച് തവണയാണ് രന്യ റാവു ദുബായ് യാത്ര നടത്തിയത്. പിടിക്കപ്പെടും വരെ പലവട്ടം സ്വർണ്ണം കടത്തിയിട്ടുണ്ടെന്നാണ് ഡിആർഐ കണ്ടെത്തിയത്. പരിശോധനകളില്ലാതെ ഓരോ തവണയും ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് രന്യ പുറത്തേക്ക് വന്നതെങ്ങനെയെന്ന ചോദ്യമാണ് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസിലേക്ക് എത്തി നിൽക്കുന്നത്. പ്രോട്ടോകോൾ ഓഫീസർ തന്നെ ഗ്രീൻ ചാനൽ വഴി പുറത്ത് കടത്താൻ രന്യയെ അനുഗമിച്ചെന്നാണ് കണ്ടെത്തൽ. നികുതി അടക്കേണ്ട വസ്തുക്കളുണ്ടെങ്കിൽ നടത്തേണ്ട പരിശോധനകളെല്ലാം ഒഴിവാക്കി. പുറത്തെത്തിയാലും പൊലീസ് സഹായം തുടർന്നുള്ള യാത്രകൾക്ക് കിട്ടിയെന്നാണ് ആരോപണം.
പൊലീസ് സഹായത്തെക്കുറിച്ച് കണ്ടെത്താൻ സർക്കാർ സിഐഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് ഇപ്പോൾ പിന്നോട്ട് പോയി. അതേസമയം, രന്യയുടെ രണ്ടാനച്ഛനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിൻറെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം തുടരുന്നുണ്ട്. അഡിഷണൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണം നടത്തുന്നത്. തനിക്കും മകൾക്കുമെതിരെ അപകീർത്തികരമായ വാർത്തകൾ നൽകുകയാണെന്ന് ആരോപിച്ച് ചില മാധ്യമങ്ങൾക്കെതിരെ രാമചന്ദ്ര റാവു കോടതിയെ സമീപിച്ചു.