NCP സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു
NCP യുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. ഗ്രൂപ്പ് സഖ്യങ്ങൾ മാറി മറഞ്ഞ കേരള NCP ഘടകത്തിൽ തോമസ് കെ തോമസ് ഒടുവിൽ പാർട്ടിയുടെ അമരത്ത് എത്തി. അതും എ കെ ശശീന്ദ്രന്റെ പിന്തുണയോടെ. NCP യെ ഒറ്റകെട്ടായി മുന്നോട്ട് നയിക്കും. പാർട്ടിയിൽ നിന്ന് ഒന്നും എടുക്കാൻ അല്ല കൊടുക്കാനാണ് പ്രവർത്തകർ ശ്രമിക്കേണ്ടതെന്നുമാണ് പുതിയ അധ്യക്ഷന്റെ ഉപദേശം.
പാർട്ടിയിലെ പടല പിണക്കങ്ങൾക്ക് പിന്നാലെയാണ് പി സി ചാക്കോ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോടും അകൽച്ച പാലിച്ചു. തോമസ് കെ തോമസ് അധ്യക്ഷനായി സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങ് പൂർത്തിയാകുന്നതിനു മുൻപെ ചാക്കോ ഓഫീസ് വിട്ടു. വ്യക്തിപരമായ ആവശ്യങ്ങൾ ഉണ്ടെന്നായിരുന്നു വിശദീകരണം. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് പി സി ചാക്കോ വ്യക്തമാക്കി.
മന്ത്രിസ്ഥാനം മോഹിച്ച് എ കെ ശശീന്ദ്രനെതിരെ പടയൊരുക്കം നടത്തിയ തോമസ് കെ തോമസ് അധ്യക്ഷസ്ഥാനത്തിൽ തൃപ്തനാണ്. എന്നാൽ പി സി ചാക്കോയെ അനുനയിപ്പിക്കാതെ NCP യിലെ പ്രശ്നങ്ങൾ പൂർണമായും അവസാനിക്കില്ല.