Top NewsWorld

റഷ്യ- യുക്രൈന്‍ യുദ്ധം: വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു; സമ്മതമറിയിച്ച് യുക്രൈന്‍

Spread the love

റഷ്യയുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദേശം അംഗീകരിക്കാന്‍ യുക്രൈന്‍ സമ്മതമറിയിച്ചു. 30 ദിവസത്തെ വെടിനിര്‍ത്തലിനാണ് യുക്രൈന്‍ സമ്മതമറിയിച്ചത്. സൗദിയിലെ ജിദ്ദയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിന് വഴിതെളിഞ്ഞിരിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ പോസിറ്റീവും ഏറെ ഫലപ്രദവുമായിരുന്നെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചു.

ജിദ്ദയിലെ ചര്‍ച്ചയിലൂടെ അമേരിക്കയും യുക്രൈനും ചേര്‍ന്ന് ഒരു നിര്‍ണായക ചുവട് മുന്നോട്ടുവച്ചിട്ടുണ്ടെന്നും റഷ്യയും അതിനൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കരോലിന്‍ ലെവിറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇക്കാലമത്രയും സ്വന്തം രാജ്യത്തെ പ്രതിരോധിക്കാന്‍ യുക്രൈന്‍ ജനത കാട്ടിയ ധീരതയെ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്ക പുറത്തിറക്കിയ സംയുക്ത പ്രസ്താവന അഭിനന്ദിച്ചു. പോരാട്ടത്തിന്റെ സമയം അവസാനിച്ചെന്നും ഇനി സമാധാനം പുനസ്ഥാപിക്കേണ്ട സമയം വന്നെത്തിയെന്നും പ്രസ്താവനയിലുണ്ട്.

സൗദിയുടെ മധ്യസ്ഥതയില്‍ അമേരിക്കയുടേയും യുക്രെയിന്റേയും പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചയാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ , സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസായിദ് അല്‍ ഐബാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്ക് മുന്നോടിയായി യുക്രെയിന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇന്നലെ സൗദി സന്ദര്‍ശിച്ചിരുന്നു. ഇരുവരും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.