ആശാ വര്‍ക്കേഴ്‌സിന്റെ സമരം; നിര്‍മല സീതാരാമനെ കണ്ട് യുഡിഎഫ് എംപിമാര്‍
ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ജെ പി നഡ്ഡ എന്നിവരെ കണ്ട് യുഡിഎഫ് എം പിമാര്‍. അനുഭാവപൂര്‍വമായ നിലപാടായിരുന്നു കേന്ദ്ര ധനമന്ത്രിയുടേത് എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം പിമാര്‍ പ്രതികരിച്ചു. ഇന്‍സന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നഡ്ഡ ആവര്‍ത്തിച്ചതായി നേതാക്കള്‍ പറഞ്ഞു.
കേന്ദ്ര ധനമന്ത്രിയുമായി ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം വളരെ വിശദമായി ചര്‍ച്ച ചെയ്തുവെന്നും അനുഭാവപൂര്‍ണ്ണമായ നിലപാടാണ് കേന്ദ്ര ധനമന്ത്രിയുടെ ഭാഗത്തുനിന്നു ഉണ്ടായതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. മുഴുവന്‍ വിശദാംശങ്ങളും ധനമന്ത്രി ചോദിച്ചുവെന്നും തങ്ങളുടെ സാന്നിധ്യത്തില്‍ തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ധനമന്ത്രി ബന്ധപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ജെപി നഡയുമായി കൂടി ആലോചിച്ചതിനു ശേഷം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പാണ് നല്‍കിയത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം വാങ്ങി എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ചയല്ലേ സംഭവിച്ചത്. പ്രശ്‌നം സങ്കീര്‍ണ്ണം ആക്കുക എന്നുള്ളതല്ല. 35 ദിവസമായി മഴയത്തും വെയിലത്തും തണുപ്പത്തും സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മുന്‍കൈയെടുക്കണം. അതിനാവശ്യമായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ശാശ്വതമായ പരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. ഓണറേറിയത്തിലെ വര്‍ധനവ്, റിട്ടയര്‍മെന്റ് ബെനിഫിറ്റ്, തുടങ്ങിയ ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ അറിയിച്ചു. സേവന വേതന വ്യവസ്ഥകള്‍ കൃത്യമായി ക്രമീകരിച്ച് ഒരു സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. വിശദമായ നിവേദനം ധനമന്ത്രിക്ക് കൈമാറി – അദ്ദേഹം വിശദമാക്കി.
ജെപി നഡയെ കണ്ടുവെന്നും ഹോണറേറിയം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ആണെന്ന് അദ്ദേഹം പറഞ്ഞുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എത്രയും വേഗം തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരുടെ സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണം എന്നുള്ളതാണ് യുഡിഎഫ് എംപിമാരുടെ ആവശ്യം. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശാവര്‍ക്കര്‍മാരുടെ ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചിട്ടില്ലെങ്കില്‍ അത് നിര്‍ഭാഗ്യകരം. അത് പ്രതിഷേധാര്‍ഹമാണ് – അദ്ദേഹം പറഞ്ഞു.കോവിഡിന്റെ പേരില്‍ മേനി നടിക്കുന്ന ഗവണ്‍മെന്റ് ആണ് ആശാവര്‍ക്കര്‍മാരുടെ സമരത്തെ പുച്ഛിക്കുന്നതെന്ന് ആന്റോ ആന്റണി വിമര്‍ശിച്ചു.