Wednesday, March 12, 2025
Latest:
KeralaTop News

‘ഇനി കേരളത്തിന് ഒരു മാറ്റം വേണം, അതിന് UDF വരണം; അനിവാര്യമായ മാറ്റം UDF കേരളത്തിൽ വരുത്തും’; ഷാഫി പറമ്പിൽ

Spread the love

ജനകീയ പ്രശ്‌നങ്ങളോട് രണ്ടു ഗവൺമെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പിൽ എം പി. കേരളത്തിൽ ആശാവർക്കർമാരുടെ സമരം പരിഹരിക്കപ്പെടുന്നില്ല. ഒരുമാസമായി അവർ വെയിലും മഴയും കൊണ്ട് നടക്കുന്നു. ഇതുവരെ ഒരു പരിഹാരമില്ല.

ഒരു മനഃസാക്ഷിയോ, ദയയോ സർക്കാരിന് തോന്നുന്നില്ല. ഇങ്ങനെയുള്ള ഒരു ഭരണകൂടത്തെ കേരളം ഇനി തെരെഞ്ഞെടുക്കില്ല. ഇനി കേരളത്തിന് ഒരു മാറ്റം വേണം. അതിന് യുഡിഎഫ് വരണം. അനിവാര്യമായ മാറ്റം യുഡിഎഫ് കേരളത്തിൽ വരുത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ സമരം നാടിന് വേണ്ടിയും, പ്രകൃതിക്കുവേണ്ടിയുമാണ്. അത് അന്യായമെന്ന് ആർക്കും പറയാൻ കഴിയില്ല. അദാനിയുടെ ആവാസ വ്യവസ്ഥ മാത്രമാണ് സർക്കാരിന്റെ പരിഗണന. ഈ ഗവൺമെന്റിന് മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പറ്റി ഒരു ധാരണയുമില്ല. രാഷ്ട്രീയത്തിന് അതീതമായി നാടിൻറെ നിലനിൽപ്പിന് വേണ്ടി നടക്കുന്ന സമരമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

പ്രകൃതിയാഘാത പഠനം നടത്താതെ അത് നിർമ്മാണം നടത്തുന്ന കമ്പനി പഠിക്കട്ടെ എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള നയങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള സമരമാണ്. ഈ ശബ്ദം പാർലമെന്റിന് അകത്തും പുറത്തും മുഴക്കിയിരിക്കും. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് യുഡിഎഫ് വരണമെന്നാണ്. അത് ഓരോ ദിനവും കൂടിക്കൊണ്ടിരിക്കുകയാണെന്നും ഷാഫി ചൂണ്ടിക്കാട്ടി.