ആറ്റുകാൽ പൊങ്കാലയിടാൻ സമഗ്രമായ സംവിധാനങ്ങൾ, മാലിന്യപ്രശ്‍നങ്ങളില്ലാതെ മാതൃകാപരമായി നടന്നുവരുന്ന ഉത്സവമാണ് പൊങ്കാല’: മുഖ്യമന്ത്രി
ആറ്റുകാൽ പൊങ്കാല നടക്കുന്ന തലസ്ഥാന നഗരിയിലേക്കെത്തുന്ന വിശ്വാസികൾക്ക് തടസ്സങ്ങളില്ലാതെ പൊങ്കാലയിടാൻ സമഗ്രമായ സംവിധാനങ്ങളാണ് ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊങ്കാല ദിനത്തിൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനായി ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണങ്ങൾ ഏവരും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മാലിന്യപ്രശ്‍നങ്ങളില്ലാതെ മാതൃകാപരമായി നടന്നുവരുന്ന ഉത്സവമാണ് പൊങ്കാല. ജില്ലാ ഭരണസംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ എല്ലാവരും കൃത്യമായി പാലിക്കേണ്ടതുണ്ട്. തലസ്ഥാന നഗരിയെ ശുചിത്വവും ക്രമസമാധാനവുമുള്ള ഇടമായി നിലനിർത്തുന്നതിനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല അവിസ്മരണീയമായ അനുഭവമാക്കി മാറ്റാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ നിർവഹണ ഏജൻസികൾക്ക് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. 30 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ആറ്റുകാൽ പൊങ്കാല ദിവസം വൈകുന്നേരം 6 മണി വരെ മദ്യനിരോധനം ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ വിഭാഗം ഡിഎം പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ജലവും ജലസ്രോതസ്സും ടെസ്റ്റ് ചെയ്യുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടികൾ, ദുരന്തങ്ങൾ ഉണ്ടായാൽ ഒഴിവാക്കുന്നതിനും നഗരത്തിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളിൽ 10 ബെഡ് വീതം മാറ്റിവയ്ക്കാനും അതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കാനും ആരോഗ്യവകുപ്പ് നടപടികൾ കൊണ്ടിട്ടുണ്ട്.
പൊങ്കാല ദിവസം 700 ഓളം കെഎസ്ആർടിസി ബസുകൾ സ്പെഷൽ സർവീസ് നടത്തും. ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും കെഎസ്ഇബിയുടെ കൺട്രോൾ റൂം പ്രവർത്തിക്കും. ആറ്റുകാൽ പരിസരത്ത് 15 സ്ഥലങ്ങളിലായി ഡ്യൂട്ടിക്ക് ജീവനക്കാരെ കെഎസ്ഇബി വിന്യസിച്ചു.
ലീഗൽ മെട്രോളജി വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനങ്ങൾ തുടങ്ങി. എക്സൈസ് വകുപ്പ് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിപ്പിക്കും. വനിതാ ജീവനക്കാരുടെ സേവന സാന്നിധ്യവും ഉണ്ടാകും. പൊങ്കാലയോട് അനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമായി നടത്തുന്നതിന് വാട്ടർ അതോറിറ്റി ഉത്സവ മേഖലയെ മൂന്ന് സോണുകളായി തിരിച്ചു പ്രവർത്തനങ്ങൾ നടത്തുകയാണ്.
ആറ്റുകാൽ ക്ഷേത്ര പരിസരവും നഗരപ്രദേശങ്ങളും ആറ്റുകാൽ സെക്ടർ, ഈസ്റ്റ് ഫോർട്ട്, കിള്ളിപ്പാലം, തമ്പാനൂർ, സിറ്റി ഔട്ടർ എന്നിങ്ങനെ 5 സെക്ടറുകൾ ആയി തിരിച്ച് ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ കണ്ട്രോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. വിശ്വാസികൾക്ക് പൊങ്കാല സമർപ്പണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.