രേവന്ത് റെഡ്ഡിക്കെതിരായ കര്‍ഷകന്റെ ബൈറ്റ് സംപ്രേക്ഷണം ചെയ്തു; മാധ്യമപ്രവര്‍ത്തകയുടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് പൊലീസ്
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിക്കുന്ന ബൈറ്റ് സംപ്രേക്ഷണം ചെയ്തതിന് മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് തെലങ്കാന പൊലീസ്. പുലര്‍ച്ചെ തന്റെ വീട്ടിലെത്തി പൊലീസ് വീടുവളഞ്ഞെന്നും തന്നെ കസ്റ്റഡിയിലെടുത്തെന്നും ഒരു സെല്‍ഫി വിഡിയോയിലൂടെ മാധ്യമപ്രവര്‍ത്തകയായ രേവതി ആരോപിച്ചു. തന്നെയും കുടുംബത്തെയും ഭയപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ നിശബ്ദയാക്കാന്‍ നോക്കുകയാണെന്ന് വിഡിയോയിലൂടെ രേവതി ആരോപിച്ചു.
പള്‍സ് ടിവി എന്ന ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ് രേവതി. രേവന്ത് റെഡ്ഡിയെക്കുറിച്ച് കര്‍ഷകനായ ഒരു വയോധികന്‍ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന വാര്‍ത്ത ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതില്‍ വയോധികന്‍ രേവന്തിനെതിരെ പറയുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ യൂട്യൂബിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. സര്‍ക്കാരിനെതിരായ സാധാരണജനങ്ങളുടെ രോഷം എന്ന തരത്തിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ കേസ് കൊടുത്തു. എക്‌സിലൂടെ വിഡിയോ പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെ കേസെടുത്തിരുന്നു.
ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് രേവതിയുടെ വീടും പരിസരവും 12 പൊലീസുകാരെത്തി വളഞ്ഞത്. രേവതിയുടേയും ഭര്‍ത്താവ് ചൈതന്യയുടേയും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു. പള്‍സ് ന്യൂസ് യൂട്യൂബ് ചാനലിന്റെ ഓഫിസ് മുറിയും പൊലീസ് വളഞ്ഞു. എന്നാല്‍ വിമര്‍ശനത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തെലങ്കാനയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.