NationalTop News

സിനിമയിലെ സെക്സ് സീനുകളിൽ അഭിനയിക്കാൻ താല്പര്യക്കുറവ് ; കരീന കപൂർ

Spread the love

സിനിമയിലെ സെക്സ് സീനുകളിൽ അഭിനയിക്കാൻ താല്പര്യക്കുറവുണ്ടായിരുന്നുവെന്ന് നടി കരീനകപൂർ. ഇക്കഴിഞ്ഞ ദിവസം ഡേർട്ടി മാഗസിനു വേണ്ടി ഹോളിവുഡ് നടി ഗില്ലിയൻ ആൻഡേഴ്‌സണുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമകളിലെ കരീനയുടെ വേഷങ്ങൾ, സെക്സ് സീനുകളുടെ ചിത്രീകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു ഇരുവരും ചർച്ച ചെയ്‌തത്‌.

തന്റെ 25 വർഷത്തെ സിനിമാ ജീവിതത്തിൽ ഇതുവരെയും ഒരു സെക്സ് സീൻ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടില്ല. ഒരു അഭിനേത്രി എന്ന നിലയിൽ മനഃപൂർവം എടുത്ത ഒരു തീരുമാനമാണിതെന്നും 44 കാരിയായ കരീന കപൂർ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

എന്തുകൊണ്ടാണ് അത്തരം രംഗങ്ങൾ ചെയ്യാൻ താൽപ്പര്യമില്ലാത്തതെന്ന ആൻഡേഴ്‌സണിന്റെ ചോദ്യത്തിന് കരീന നൽകിയ മറുപടി ഇങ്ങനെയാണ് “ഒരു കഥയ്ക്ക് മുന്നോട്ട് പോകാൻ ഇത്തരം സീനുകൾ ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ ഒരിക്കലും അത് ചെയ്തിട്ടില്ല” എന്നായിരുന്നു.

അതേസമയം, കരീനയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് 2003 ല്‍ പുറത്തിറങ്ങിയ ചമേലിയിലേത്. ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് കരീന അവതരിപ്പിച്ചത്. തന്റെ കരിയറിന്റെ പീക്കില്‍ നിൽക്കുമ്പോഴായിരുന്നു ഇങ്ങനെ ബോള്‍ഡായൊരു തീരുമാനത്തിലേക്ക് കരീനയെത്തുന്നത്. അതുവരെ ബോളിവുഡിൽ കണ്ട് ശീലിച്ച കരീനയെയായിരുന്നില്ല ചമേലിയില്‍ കണ്ടത്.

എന്നാൽ വിവാഹശേഷം, സിനിമയില്‍ അഭിനയിക്കുമ്പോള്‍ പങ്കാളിയല്ലാതെ മറ്റൊരാളുമായി ചുംബന രംഗം ചെയ്യില്ലെന്ന് കരീന കപൂറും സെയ്ഫ് അലി ഖാനും തീരുമാനിച്ചിരുന്നത് പാപ്പരാസികൾക്കിടയിലും ബോളിവുഡ് മേഖലയിലും വലിയ വാർത്തയായിരുന്നു. സത്യാഗ്രഹ (2013), ഹീറോയിൻ (2012) തുടങ്ങിയ ചിത്രങ്ങളിലെ അത്തരം രംഗങ്ങൾ താരത്തിന്റെ നിർബന്ധപ്രകാരം തിരക്കഥയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ബോളിവുഡിലെ സ്റ്റാര്‍ കപ്പിളായ സെയ്ഫും കരീനയും പ്രണയത്തിലാകുന്നത് ടഷന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു. അഞ്ച് വര്‍ഷത്തോളം ലിവിംഗ് ടുഗദറിലായിരുന്ന ഇരുവരും പിന്നീട് 2012ലാണ് വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം നടിമാര്‍ അഭിനയം നിര്‍ത്തുകയോ ചെറിയ റോളുകളിലേക്ക് ഒതുങ്ങുകയോ ചെയ്യുന്ന പതിവ് തെറ്റിച്ച താരമാണ് കരീന കപൂര്‍. രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും ബോളിവുഡിലെ സൂപ്പര്‍ നായികയായി തുടരുകയാണ് അവർ.

ബോളിവുഡിലെ സൂപ്പര്‍ താരകുടുംബമായ കപൂര്‍ കുടുംബത്തിലാണ് കരീനയുടെ ജനനം. രണ്‍ദീര്‍ കപൂറിന്റേയും ബബിതയുടേയും മകളാണ് കരീന. ചേച്ചി കരിഷ്മ കപൂറിന്റെ പാതയിലൂടെയാണ് കരീനയും സിനിമയിലെത്തുന്നത്. ഫിലിംഫെയര്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും കരീനയെ തേടിയെത്തിയിട്ടുണ്ട്. ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കരീന.