പാതിവില തട്ടിപ്പ്: കെ എൻ ആനന്ദകുമാർ ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിൽ
പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ക്രൈം ബ്രാഞ്ച് നടപടി. ശാസ്തമംഗലത്തെ വീട്ടിൽ നിന്നാണ് കെ എൻ ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്.
പാതിവില തട്ടിപ്പ് കേസിൽ പണം ലഭിച്ചത് ട്രസ്റ്റിനാണെന്നും വ്യക്തിപരമായി തനിക്കു ബന്ധമില്ലെന്നും കെ.എൻ.ആനന്ദകുമാർ ഉന്നയിച്ചിരുന്നു. മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് ആനന്ദകുമാർ ഈ വാദമുന്നയിച്ചത്.ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. പൊലീസ് റിപ്പോർട്ട് ലഭിക്കാതിരുന്നതിനെത്തുടർന്ന് അഞ്ചു തവണ മാറ്റിവെച്ച കേസിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കുകയായിരുന്നു. തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദകുമാറിന് ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങൾക്ക് സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് 50 ശതമാനം ശതമാനം നിരക്കിൽ ഇരുചക്രവാഹനങ്ങൾ നൽകാമെന്നു വാഗ്ദാനംചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ആനനന്ദകുമാർ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി അനന്തകൃഷ്ണനാണ്. ഡോ. ബീന സെബാസ്റ്റ്യൻ, ഷീബാ സുരേഷ്, സുമ കെ.പി., ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് എന്നിവരടക്കം ഏഴുപേരാണ് കേസിലെ പ്രതികൾ.