KeralaTop News

കൊല്ലത്ത് സ്യൂട്ട് കേസിൽ കണ്ടെത്തിയ അസ്ഥികൂടത്തിൽ മാർക്ക് ചെയ്ത പാടുകൾ; മെഡിക്കൽ പഠന ആവശ്യങ്ങൾക്ക് എത്തിച്ചതെന്ന് വിവരം

Spread the love

കൊല്ലത്ത് സ്യൂട്ട് കേസിൽ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കൽ പഠന ആവശ്യങ്ങൾക്കായി എത്തിച്ചതാണെന്ന് പ്രാഥമിക വിവരം. അസ്ഥികളിൽ മാർക്ക് ചെയ്തിരിക്കുന്ന പാടുകൾ കണ്ടെത്തി. ഫോറൻസിക്കിന്റെ വിശദമായ പരിശോധനയിലാണ് കണ്ടെത്തൽ.

ഇടുപ്പ് എല്ലിൽ ‘H’ എന്നും കാലിന്റെ എല്ലിൽ ‘O’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നട്ടെല്ലിന്‍റെ ഭാഗങ്ങൾ ചുവപ്പ് കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. അസ്ഥികൾ എങ്ങനെ സ്യൂട്ട് കേസിൽ എത്തി എന്ന കാര്യത്തിലാണ് ഇനി അന്വേഷണം നടക്കുക.

ഇന്ന് രാവിലെ 8.30 ഓടെ പള്ളിയിലെ ജീവനക്കാർ കുടിവെള്ളപെപ്പ് ലൈനിൻ്റെ തകരാർ പരിശോധിക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ പറമ്പിൽ ഒഴിഞ്ഞ സ്യൂട്ട് കണ്ടെത്തിയത്. എസ് എൻ കോളജിന് സമീപമുള്ള ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സിമിത്തേരിയ്ക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. പള്ളി ജീവനക്കാർ സ്യൂട്ട് കേസ് തുറന്നതോടെയാണ് അസ്ഥികൂടം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക പരിശോധന നടത്തി.

അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്ന പ്രാഥമിക നിഗമനത്തിലും പൊലീസ് എത്തിയിരുന്നു. റോഡിൽ നിന്ന് സെമിത്തേരിയുടെ ഭാഗത്തേക്ക് അസ്ഥികൂടം വലിച്ചെറിഞ്ഞതാകാമെന്നാണ് സൂചന. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം. നാട്ടിൽനിന്നും വർഷങ്ങളായി കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊല്ലo ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുക.