സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവാക്കും
സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവാക്കും. പാർട്ടി കോൺഗ്രസ് കഴിഞ്ഞ ശേഷമാകും വിഎസിനെ പ്രത്യേക ക്ഷണിതാവായി തീരുമാനിക്കുക. പ്രായപരിധിയിൽ ഒഴിഞ്ഞ നേതാക്കളെയും ക്ഷണിതാവാക്കിയേക്കും
സിപിഐഎമ്മിന്റെ ചരിത്രത്തിലാദ്യമായായിരുന്നു വി.എസ്.അച്യുതാനന്ദന്റെ പേരില്ലാതെ സംസ്ഥാന കമ്മിറ്റി പാനൽ രൂപീകരിച്ചത്. വിഎസിനെ ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ‘വിഎസ് പാർട്ടിയുടെ സ്വത്ത് അല്ലേ’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.
സിപിഐഎം രൂപീകരിക്കുന്നതിനു നേതൃത്വം നൽകിയവരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവായ വിഎസിനെ ഒഴിവാക്കിയതു വൻ ചർച്ചയായായിരുന്നു. പ്രത്യേക ക്ഷണിതാക്കളെ മധുരയിൽ അടുത്ത മാസം നടക്കുന്ന പാർട്ടി കോൺഗ്രസിനു ശേഷം തീരുമാനിക്കുമെന്നാണു പ്രഖ്യാപനം.
ഏറെക്കാലമായി വിഎസ് പാർട്ടി നേതൃയോഗങ്ങളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നില്ല.
പ്രായപരിധി മൂലം പാർട്ടി കേന്ദ്ര കമ്മിറ്റിയിൽനിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നും ഒഴിവാക്കപ്പെടുന്നവരെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കുന്നതാണു സമീപകാല ചരിത്രം. കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെയാണു വിഎസിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയത്.