NationalTop News

പ്രധാനമന്ത്രി മോദി തന്റെ ‘പ്രിയപ്പെട്ട നടൻ’ എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ; പരിഹസിച്ച് കോൺഗ്രസ്

Spread the love

തന്റെ പ്രിയപ്പെട്ട നടൻ ആരെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ നൽകിയ മറുപടിയാണിപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ പ്രിയപ്പെട്ട നടൻ എന്നാണ് ഒരു ചെറു പുഞ്ചിരിയോടെ ഭജൻ ലാൽ ശർമ്മ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടി.

ജയ്പൂരിൽ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാർഡ് ദാന ചടങ്ങിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംവാദത്തിനിടെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുടെ പ്രതികരണം.

എന്നാൽ ശർമ്മയുടെ പരാമർശത്തെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയുണ്ടായി. “ഞങ്ങൾ വളരെക്കാലമായി ഇത് പറഞ്ഞുവരുന്ന കാര്യമാണെന്നും… മോദിജി ഒരു നേതാവല്ല, ഒരു നല്ല നടനാണ്. വൈകിയാണെങ്കിലും, ബിജെപി സർക്കാരിന്റെ മുഖ്യമന്ത്രിമാർ പോലും മോദിജി ഒരു പൊതു നേതാവല്ല, നടനാണെന്ന് പറയാൻ തുടങ്ങിയിരിക്കുന്നു. ക്യാമറ വൈദഗ്ദ്ധ്യം, ടെലിപ്രോംപ്റ്റർ, വസ്ത്രധാരണം, പുഷ്പാലങ്കാര പ്രസംഗങ്ങൾ എന്നിവയിൽ അദ്ദേഹം വിദഗ്ദ്ധനാണ്.” എന്നായിരുന്നു രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര എക്‌സിൽ കുറിച്ച പരിഹാസ വാക്കുകൾ.

“നിങ്ങൾ പറഞ്ഞത് ശരിയാണ് ഭജൻ ലാൽജി, പ്രധാനമന്ത്രി മോദി ഒരു നല്ല നടനാണ്. ചിലപ്പോഴൊക്കെ അദ്ദേഹം അമിതമായി അഭിനയിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾ കരുതുന്നില്ലേ?” മുഖ്യമന്ത്രി ശർമ്മയെ ടാഗ് ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു.
അതേസമയം, “പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ വലിയ ഒരു നടൻ ഈ രാജ്യത്ത് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ഉള്ള കാര്യം ബിജെപിയുടെ മുഖ്യമന്ത്രിമാരും നേതാക്കളും തന്നെ വിശ്വസിക്കുന്നു” എന്നായിരുന്നു ആം ആദ്മി പാർട്ടി അവരുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ വഴി പ്രതികരണം നടത്തിയത്.