KeralaTop News

ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

Spread the love

ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ തൊടുപുഴയിൽ പരാതി. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയിൽ പറയുന്നു.

അതേസമയം ഈരാറ്റുപേട്ടയിൽ കണ്ടെത്തിയത് കേരളം മുഴുവൻ കത്തിക്കുവാനുള്ള സ്ഫോടക വസ്തുക്കളെന്ന് ബിജെപി നേതാവ് പി.സി ജോർജ് പറഞ്ഞു. ലവ് ജിഹാദ് വിവാദത്തിൽ ഒരു പാലാക്കാരനും പാലാ ബിഷപ്പിനെ സംരക്ഷിക്കാൻ വന്നില്ല. മീനച്ചിൽ താലൂക്കിൽ മാത്രം ലവ് ജിഹാദിലൂടെ നഷ്ടമായത് 400 പെൺകുട്ടികളെ.അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടിയെന്നും പി.സി ജോർജ് പറയുന്നു.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

പാലായിൽ KSEB ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു PC ജോർജ്. നാർക്കോട്ടിക് ജിഹാദിനെതിരെയും ലൗ ജിഹാദിനെതിരെയും ഒരുമിച്ച് തന്നെ നീങ്ങണമെന്നും ഇതിന് ഹൈന്ദവ സഹോദരങ്ങളെ കൂടെകൂട്ടണമെന്നും അതല്ലാതെ രാജ്യത്ത് രക്ഷയില്ലെന്നും പി.സി ജോർജ് പറയുന്നു.

22,23 വയസാകുമ്പോൾ പെൺകുട്ടികളെ കെട്ടിച്ചുവിടണം, ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണമെന്നും പി.സി ജോർജ് പറയുന്നു. മുസ്‌ലിം പെൺകുട്ടികൾ വഴിപിഴച്ച് പോകുന്നില്ല അവരെ പതിനെട്ട് തികയുമ്പോഴെ പിടിച്ചുകെട്ടിക്കുകയാണ്. നമ്മളോ 28,29 ആയാലും വല്ല ശമ്പളവും കിട്ടുന്നവരാണെങ്കിൽ കെട്ടിക്കില്ല. ആ ശമ്പളം ഇങ്ങ് പോരട്ടെ എന്നാണ് നിലപാട്. അതാണ് പ്രശ്‌നമെന്നും പി.സി ജോർജ് പറഞ്ഞു.