Monday, March 10, 2025
Latest:
KeralaTop News

ഫേസ്ബുക്ക് പോസ്റ്റ് പ്രതിഷേധമല്ല, ദുർവ്യാഖ്യാനം വേണ്ട; എൻ സുകന്യ

Spread the love

സിപിഐ എം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യ വിയോജിപ്പ് ഉയരുന്നതിനിടെ ചർച്ചയായി മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവ് എൻ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന സമ്മേളനം അവസാനിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ എൻ. സുകന്യ നിലപാട് അറിയിച്ചത്.

ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എന്‍റെ ഒരു സഖാവാണ്….. ചെഗുവേര’ (If you tremble with indignation at every injustice then you are a comrade of mine…..Cheguevara) എന്നാണ് സുകന്യ ഫേസ്ബുക്കിൽ കുറിച്ചത്. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി സുകന്യ രംഗത്തെത്തി.

‘മാധ്യമങ്ങൾ നടത്തുന്ന ദുർവ്യാഖ്യാനങ്ങളാണ് ഇതൊക്കെ’. പാർട്ടി തനിക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ട്, തന്നാൽ കഴിയുന്ന വിധം പ്രവർത്തനം നടത്തുന്നതും ഉണ്ട്. തന്റെ അതൃപ്തി ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയിട്ടില്ല. സമ്മേളനവുമായി ബന്ധപ്പെട്ട് എടുത്ത ചിത്രമായത് കൊണ്ട് ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്‌തു. അതിൽ ചെഗുവേരയുടെ പ്രസിദ്ധമായ ഒരു വരി കൂട്ടിച്ചേർത്തു. ഒരു സഖാവ് എന്ന നിലയിൽ താൻ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒരു വാചകമാണിതെന്നും എൻ സുകന്യ പറഞ്ഞു.

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ശോഭകെടുത്താനായി ഇത് ഉപയോഗപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. പത്മകുമാറിന്റെ വിഷയത്തെ കുറിച്ച് അദ്ദേഹം തന്നെയാണ് പറയേണ്ടത്. അതിൽ അഭിപ്രായം പറയാനില്ല. പാർട്ടി പല കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഒരു ഘടകത്തിലേക്ക് ആളുകളെ നിശ്ചയിക്കുന്നത്. അതിനർത്ഥം പരിഗണിക്കപ്പെടാതെ പോയവരെല്ലാം കഴിവ് കുറഞ്ഞവരാണെന്നല്ല. 89 അംഗങ്ങളുള്ള സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ ഒരു പരിമിതിയുണ്ട്. ഏത് ഘടകത്തിലാണെങ്കിലും എല്ലാവർക്കും അവിടെ പ്രവർത്തിക്കാനുള്ള അവസരമുണ്ട്.

സ്ഥാനമാനങ്ങൾക്കല്ലാതെ പ്രവർത്തിക്കുന്ന ആയിര കണക്കിന് സാധാരണ മനുഷ്യരാണ് ഈ പാർട്ടിയുടെ കരുത്ത്. അതുകൊണ്ടാണ് സിപിഐഎം എന്ന പാർട്ടി ഇത്ര വലുതായതും മുന്നോട്ട് പോകുന്നതും, സുകന്യ കൂട്ടിച്ചേർത്തു.