‘പത്മകുമാറിന്റെ അഭിപ്രായങ്ങള്‍ സംഘടനാപരമായി പരിശോധിക്കും’, എ.പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി രാജു എബ്രഹാം
എ പത്മകുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആറന്മുളയിലെ വീട്ടിലെത്തിയാണ് രാജു എബ്രഹാം എ പത്മകുമാറിനെ കണ്ടത്. രാജു എബ്രഹാമിനോട് തന്റെ നിലപാട് പത്മകുമാര്‍ വ്യക്തമാക്കി. എന്നാല്‍, ഉന്നയിച്ച വിഷയങ്ങളില്‍ സംസാരിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തോടെ അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നുമായിരുന്നു രാജു എബ്രഹാമിന്റെ പ്രതികരണം. പത്മകുമാറിന്റെ അഭിപ്രായങ്ങള്‍ സംഘടനാപരമായി പരിശോധിക്കുമെന്നും അദ്ദേഹത്തെപ്പോലെ കഴിവുള്ളയാള്‍ പാര്‍ട്ടിക്കൊപ്പം വേണമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും അദ്ദേഹം മികച്ച പ്രകടനം നടത്തിയെന്നതും ചൂണ്ടിക്കാട്ടി. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ജില്ലയില്‍ മാത്രമല്ല സംസ്ഥാനമൊട്ടാകെ നിറഞ്ഞു നിന്ന വ്യക്തിയാണദ്ദേഹമെന്നും രാജു എബ്രഹാം പറഞ്ഞു.
അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടിയാണ് പരിഹരിക്കേണ്ടത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാം. പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വരുന്നത് പ്രവര്‍ത്തനവികന്റെ അടിസ്ഥാനത്തിലാണ്. പ്രാദേശിക പരിഗണനയില്ല. മെമ്പര്‍ഷിപ്പ് കുറവുള്ള ജില്ലയില്‍ കൂടുതല്‍ സംസ്ഥാന സമിതി അംഗങ്ങളെ പ്രതീക്ഷിക്കാനാകില്ല – രാജു എബ്രഹാം പറഞ്ഞു. പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകള്‍, പ്രധാനമായും മന്ത്രിമാരാകുമ്പോള്‍ നയപരമായ തീരുമാനമെടുക്കുന്ന ഒരു സമിതിയില്‍ ഉണ്ടാകേണ്ടതുള്ളതുകൊണ്ടാണ് അവരെ ക്ഷണിക്കപ്പെട്ടയാളുകളായി പരിഗണിക്കുന്നതെന്നും രാജു എബ്രഹാം പറഞ്ഞു. സി രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. വീണാ ജോര്‍ജ് ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിലാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാന സമിതിയിലെ ക്ഷണിതാവായി വീണയെ തീരുമാനിച്ചതും – അദ്ദേഹം പറഞ്ഞു.
സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തിന് എതിരെ പരസ്യ പ്രതിഷേധവുമായാണ് എ. പത്മകുമാര്‍ രംഗത്തെത്തിയത്. 52 വര്‍ഷത്തെ തന്റെ പ്രവര്‍ത്തന പരിചയത്തേക്കാള്‍ വലുതാണോ വീണാ ജോര്‍ജിന്റെ ഒന്‍പത് വര്‍ഷമെന്നായിരുന്നു ചോദ്യം. പാര്‍ട്ടി നടപടിയെടുത്താല്‍ അറുപത്തിയാറാം വയസിലെ വിരമിക്കലായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.