കണ്ണൂരിലെ ചെന്താരകത്തിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ‘ നോ എന്‍ട്രി’, കെ കെ ശൈലജയും എം വി ജയരാജനും സെക്രട്ടറിയേറ്റ് അംഗങ്ങള്‍
കണ്ണൂര്‍ സി പി എമ്മില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നേതാവാണ് പി ജയരാജന്‍. വടകരയില്‍ കെ മുരളീധരനോട് തോറ്റതോടെ പി ജയരാജന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ടു. എറണാകുളം സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിണറായിയുടെ ഗുഡ് ബുക്കില്‍ ഇടമില്ലാതിരുന്നതിനാല്‍ സെക്രട്ടറിയേറ്റ് സ്വപ്നം നടന്നില്ല. ഇത്തവണ ഇ പി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുമെന്നും ആ ഒഴിവിലേക്ക് പി ജയരാജന്‍ വരുമെന്നുമായിരുന്നു ജയരാജന്‍ പക്ഷക്കാര്‍ കണക്കുകൂട്ടിയിരുന്നത്. പ്രായം ഒരു ഘടകമായതിനാല്‍ അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ പി ജയരാജന്‍ പരിഗണിക്കപ്പെടാനുള്ള സാധ്യതയുമില്ല.
പി ജയരാജനേക്കാള്‍ പാര്‍ട്ടിയില്‍ ജൂനിയറായ എം വി ജയരാജന്‍ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കപ്പെട്ടതും പി ജയരാജന് കനത്ത തിരിച്ചടിയായി. കണ്ണൂരിലെ പാര്‍ട്ടിയില്‍ പി ജയരാജനും ഇ പി ജയരാജനും രണ്ട് പക്ഷങ്ങളിലായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ശശി പ്രധാന എതിരാളിയായതും ഇ പിയുടെ കടുത്ത നിലപാടുമാണ് പി ജയരാജന് സെക്രട്ടറിയേറ്റില്‍ പരിഗണന ലഭിക്കാതിരുന്നതിന്റെ കാരണമെന്നാണ് പിന്നാമ്പുറ സംസാരം. കണ്ണൂരിലെ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവും പി ജയരാജന്റെ പരസ്യപ്രതികരണവും എതിര്‍വിഭാഗം ആയുധമാക്കി. ഇ പി ജയരാജന്റെ റിസോര്‍ട്ട് വിവാദം പാര്‍ട്ടിയില്‍ പരാതിയായി ഉന്നയിച്ചതും മാധ്യമ വാര്‍ത്തയായതും ഇ പിയെ പ്രതിരോധത്തിലാക്കിയിരുന്നു. തന്നെ പാര്‍ട്ടിയില്‍ ഇല്ലാതാക്കാന്‍ ഒരു കേന്ദ്രം ശ്രമിക്കുന്നതായുള്ള ആരോപണം ഇ പി ജയരാന്‍ പലപ്പോഴായി പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്. ആത്മകഥാവിവാദം കത്തിപ്പടര്‍ന്നപ്പോഴും ഇ പി തന്റെ ആരോപണം ആവര്‍ത്തിച്ചിരുന്നു.
കണ്ണൂരിലെ പാര്‍ട്ടിയുടെ നട്ടെല്ല് മൂന്ന് ജയരാജന്മാരായിരുന്നു. ഇ പി ജയരാജന്‍, പി ജയരാജന്‍, എം വി ജയരാജന്‍. ഇതില്‍ ഇ പി കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയും മുന്നണി കണ്‍വീനറുമായി. പി ജയരാജന്‍ നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. എം വി ജയരാജന്‍ നേരത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതോടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദം ഒഴിയും. അടുത്ത ടേമില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാവാന്‍ പോലും സാധ്യതയുളള കണ്ണൂര്‍ നേതാവാണ് എം വി ജയരാജന്‍.
ജില്ലാ സെക്രട്ടറിയായിരിക്കെ പി ജയരാജനെ പ്രകീര്‍ച്ചുകൊണ്ട് ഇറങ്ങിയ ‘കണ്ണൂരിലെ ചെന്താരകം…’ എന്ന പാട്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. പി ജെ ആര്‍മിയെന്ന ഫേസ്ബുക്ക് കൂട്ടായ്മയും പി ജയരാജന്റെ രാഷ്ട്രീയഭാവിക്ക് കരിനിഴല്‍ വീഴ്ത്തി. ഇത്തവണയും സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കപ്പെടാതെ വന്നതോടെ ജയരാജന്‍ അടുത്ത സമ്മേളന കാലയളവുവരെ സംസ്ഥാന കമ്മിറ്റിയംഗമായി തുടരും. 72 വയസായ ജയരാജന് അടുത്ത സമ്മേളന കാലാവധിയാകുമ്പോഴേക്കും 75 വയസാവും. ഇതോടെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും മാറേണ്ടിവരും.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇ പിയെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും മാറ്റിനിര്‍ത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇ പിയെ തൊടാന്‍ പിണറായിയും എം വി ഗോവിന്ദനും ധൈര്യം കാണിച്ചില്ല എന്നതും ശ്രദ്ധേയമാണ്. എ കെ ബാലനെ ഒഴിവാക്കിയപ്പോള്‍ ഇ പിക്ക് ഇളവുനല്‍കി കമ്മിറ്റിയില്‍ നിലനിര്‍ത്തുകയാണുണ്ടായത്. കഴിഞ്ഞ തവണ പാര്‍ട്ടി സെക്രട്ടറിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാവാണ് ഇ പി. പിന്നീട് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കി തല്‍ക്കാലം സമാധാനിപ്പിച്ചു നിര്‍ത്തിയെങ്കിലും ഇ പി ഇടയുകയായിരുന്നു. പാര്‍ട്ടിയില്‍ യോഗ്യമായ പരിഗണന ലഭിക്കുന്നില്ല എന്നതായിരുന്നു ഇ പിയുടെ പ്രധാന ആരോപണം. ഒരു വേള പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കെന്ന് സൂചന നല്‍കി എല്ലാം അവസാനിപ്പിക്കുന്നതായി പരസ്യപ്രഖ്യാപനം നടത്തിയ ഇ പി വീണ്ടും ശക്തിപ്രാപിക്കുകയാണ്. ഇതാണ് ഇ പി സ്‌റ്റൈല്‍.
പാര്‍ട്ടി കേന്ദ്രങ്ങളെല്ലാം ഇ പിയെ വിമര്‍ശിച്ച് രംഗത്തെത്തിയപ്പോഴും പണ്ട് വിഭാഗീയത കൊടികുത്തി വാണിരുന്നകാലത്ത് പാര്‍ട്ടിയെ പിണറായിക്ക് അനുകൂലമാക്കിയെടുത്ത ഇ പി ജയരാജന്റെ നീക്കങ്ങള്‍ മറക്കാതിരുന്ന പിണറായി ജയരാജനുമായി ബന്ധപ്പെട്ട് വിവാദങ്ങളെല്ലാം വിസ്മരിക്കുകയായിരുന്നു. ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ആത്മകഥാവിവാദവുമെല്ലാം നേതൃത്വം വിസ്മരിച്ചു.
മുന്‍ആരോഗ്യമന്ത്രി കെ കെ ശൈലജയെ പാര്‍ട്ടി വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു. പി കെ ശ്രീമതിയുടെ ഒഴിവിലേക്ക് കെ കെ ശൈലജയെ പരിഗണിച്ചതോടെ ഈ ആരോപണങ്ങളും അവസാനിച്ചു. കെ കെ ശൈലജയും എം വി ജയരാജനുമാണ് ഇത്തവണ പാര്‍ട്ടി സെക്രട്ടറിയേറ്റിലെത്തിയവര്‍. ഇതോടെ കണ്ണൂരില്‍ നിന്നും അഞ്ചുപേര്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തി. പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, എം വി ജയരാജന്‍ എന്നിവരാണ് സെക്രട്ടറിയേറ്റിലെ കണ്ണൂര്‍ നേതാക്കള്‍.