KeralaTop News

മൃതദേഹം സംസ്കരിക്കണമെന്ന് എം എം ലോറൻസ് പറയുന്ന വീഡിയോയുമായി മകൾ സുജാത; മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യം

Spread the love

മൃതദേഹം സംസ്കരിക്കുന്നതിനെ കുറിച്ച് അന്തരിച്ച സിപിഐഎം മുതിർന്ന എം എം ലോറൻസ് പറയുന്ന വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി മകൾ. സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണം എന്നും മക്കൾ പറയുന്നിടത്ത് അടക്കണമെന്നും വീഡിയോയിൽ എം എം ലോറൻസ് പറയുന്നുണ്ട് എന്നാണ് മകൾ സുജാതയുടെ അവകാശ വാദം . 2022 ഫെബ്രുവരി 25 നാണ് ലോറൻസ് ഇക്കാര്യം പറഞ്ഞതെന്നും മകൾ വ്യക്തമാക്കി. ഹൈക്കോടതിയിൽ വീഡിയോ കൈമാറി. പുനഃ പരിശോധന ഹർജി നൽകിയിട്ടുണ്ടെന്നും മകൾ സുജാത പറഞ്ഞു. തങ്ങളോട് ചോദിക്കാതെയാണ് മൃതദേഹം വൈദ്യ പഠനത്തിന് കൈമാറാനുള്ള തീരുമാനം പാർട്ടി എടുത്തതെന്നും സുജാത പറഞ്ഞു.

മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകാനുള്ള സഹോദരൻ എൽ.എൽ. സജീവന്റെ തീരുമാനത്തെയാണ് ഇവർ ചോദ്യം ചെയ്തത്. മൃതദേഹം പഠനത്തിന് വിട്ടു നൽകണമെന്ന് മരണത്തിന് മുമ്പ് പിതാവ് പറഞ്ഞിരുന്നെന്നാണ് സജീവൻ വാദിച്ചത്. ഇതിന് സാക്ഷികളെയും ഹാജരാക്കിയിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാൻ മുതിർന്ന അഭിഭാഷകനെ കോടതി മദ്ധ്യസ്ഥനായി നിയോഗിച്ചെങ്കിലും ചർച്ച പരാജയമായിരുന്നു.

2024 സെപ്റ്റംബറിലായിരുന്നു എം എം ലോറൻസ് വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേ മരണപ്പെട്ടത്. 1946-ല്‍ പതിനേഴാം വയസിലാണ് ലോറന്‍സ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് എറണാകുളത്ത് തൊഴിലാളി വര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുത്തതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് അദ്ദേഹം. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരില്‍ ഒരാളുമായിരുന്നു.

എറണാകുളം ജില്ലയില്‍ സിപിഐഎമ്മില്‍ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. 1967 മുതല്‍ 1978 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1964 മുതല്‍ 1998 വരെ സിപിഎം സംസ്ഥാന സമിതി അംഗവും 1978 മുതല്‍ 1998 വരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതല്‍ 1998 വരെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 1986 മുതല്‍ 1998 വരെ എല്‍ഡിഎഫ് കണ്‍വീനറായും അദ്ദേഹം പ്രവര്‍ത്തിച്ചു.