KeralaTop News

ഇടുക്കി പരുന്തുംപാറയിലെ റിസോർട്ടിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി

Spread the love

ഇടുക്കി പരുന്തുംപാറയിൽ അനധികൃതമായി നിർമ്മിച്ച റിസോർട്ടുകൾ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി പൊളിച്ചു നീക്കിയത്. റവന്യൂ സംഘത്തിന്റെ പ്രത്യേക 15 അംഗ ടീമാണ് നിലവിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് എത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ അനധികൃതമായി കുരിശ് നിർമ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതർ വിശദമായി പരിശോധിക്കും

കുരിശ് അടിയന്തരമായി പൊളിച്ചു നീക്കിയെ മതിയാകൂവെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് കളക്ടർ താക്കീത് നൽകിയിരുന്നു. സർക്കാർ ഭൂമിയാണ് ഇതെന്ന് കണ്ടെത്തിയതിന് പിന്നാലെ ജില്ലാ കളക്ടർ പല തവണ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ അതിന് ശേഷവും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കുരിശിന്‍റെ പണികൾ സജിത്ത് ജോസഫ് പൂർത്തിയാക്കുകയായിരുന്നു. മാത്രവുമല്ല ഏതെങ്കിലും ഒരു മത സംഘടനയുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് സജിത്ത് ഇവിടെ കുരിശ് സ്ഥാപിച്ചിരുന്നത്. എന്നാൽ മത സംഘടനകൾ എന്ന് മാത്രമല്ല ഒരു മത പുരോഹിതൻ പോലും കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പിന്തുണയുമായി എത്തിയിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ അധികാരികൾ നടപടി സ്വീകരിക്കണം എന്നായിരുന്നു ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.

യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം “കുരിശുകൾ ” മുളയിലേ തകർക്കാൻ ഭരണകൂടം മടിക്കരുത്. ഭൂമി കയ്യേറാൻ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണെന്നും കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടതെന്നും ഗീവർഗീസ് മാർ കൂറിലോസ് പ്രതികരിച്ചു.