MoviesTop News

ഭാര്യയുടെ മരണം അറിയാതെ ഒരേവീട്ടിൽ ഒരാഴ്ചക്കാലം ജീവിതം, പിന്നീട് മരണം; വിഖ്യാത ഹോളിവുഡ് നടന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്

Spread the love

ഹോളിവുഡ് ഇതിഹാസം ജീൻ ഹാക്ക്മാനെയും(95) ഭാര്യ ബെറ്റ്സി അരകാവയെയും (65) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരെ ഞെട്ടിച്ചിരുന്നു. ഇരുവരെയും ഒരേവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വലിയ ദുരൂഹതകളിലേക്കാണ് വഴിതിരിച്ചത്. എന്നാൽ ഇപ്പോൾ ഹാക്ക്മാന്‍റെയും ഭാര്യയുടെയും മരണകാരണം എന്തെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്.

വ്യത്യസ്ത മുറികളിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബെറ്റ്സി അരകാവയുടെ ശരീരം കുളിമുറിയിലായിരുന്നു, സമീപത്ത് മരുന്നുകൾ ചിതറിക്കിടക്കുന്ന നിലയിലുണ്ടായിരുന്നു. ഹാക്ക്മാൻ അടുക്കളയ്ക്കടുത്തുള്ള ഒരു മുറിയിലായിരുന്നു. ഇരുവർക്കുമൊപ്പം വളർത്തുനായ്ക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ സിന്ന എന്ന നായയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ മരണകാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല. 95 കാരനായ ജീൻ ഹാക്ക്മാൻ അൽഷിമേഴ്സ് രോഗത്തിന്റെ ഉയർന്ന അവസ്ഥയിലായിരുന്നു. അതിനാൽ സ്വന്തം മരണത്തിന് മുൻപ് ഭാര്യ മരിച്ചത് അദ്ദേഹം അറിയാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ

ഫെബ്രുവരി 26-ന് ന്യൂ മെക്സിക്കോയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബെറ്റ്സി അരകാവ ഹാന്റവൈറസ് പൾമണറി സിൻഡ്രോം (HPS) എന്ന അപൂർവ വൈറസ് ബാധയെത്തുടർന്ന് ഫെബ്രുവരി 11-ന് മരിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്. എലികളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ രോഗം ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഭാര്യ മരിച്ചതിന് ശേഷമുള്ള ഒരാഴ്ചക്കാലം ഹാക്ക്മാൻ അവരുടെ വീട്ടിൽത്തന്നെയുണ്ടായിരുന്നു. ഹാക്ക്മാന്റെ പേസ്മേക്കറിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് ഫെബ്രുവരി 18 ന് ആകാനാണ് സാധ്യത. അൽഷിമേഴ്സ് രോഗവും ഹാക്ക്മാന്റെ മരണത്തിൽ നിർണായകമായ ഘടകമായിരുന്നു.

ജീൻ ഹാക്ക്മാൻ തന്റെ മികച്ച അഭിനയ കഴിവിനായി ഹോളിവുഡിൽ പ്രശസ്തനായിരുന്നു. 1971-ലെ The French Connection എന്ന ചിത്രത്തിലെ പ്രകടനത്തിനായി മികച്ച നടനുള്ള അക്കാദമി അവാർഡ് അദ്ദേഹം നേടി. 1992-ൽ Unforgiven എന്ന ചിത്രത്തിലെ സഹനടനായിയുള്ള അഭിനയത്തിന് വീണ്ടും ഓസ്കാർ ലഭിച്ചു. ഹാക്ക്മാൻ 2004-ൽ Welcome to Mooseport എന്ന ചിത്രത്തിനു ശേഷം ഹോളിവുഡിൽ നിന്ന് വിരമിച്ചു. പിന്നീട് ന്യൂ മെക്സിക്കോയിൽ ശാന്തമായ ജീവിതം നയിക്കുകയായിരുന്നു.