പ്രായപരിധി അനിവാര്യം; കമ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ല: എ കെ ബാലൻ
പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നതിൽ പ്രായപരിധി അനിവാര്യമാണെന്ന് സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് എ കെ ബാലൻ. സിപിഐഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായതിന് പിന്നാലെയാണ് പ്രതികരണം. നേതൃനിരയിലേക്ക് പുതുതലമുറ കടന്നുവരുമ്പോഴാണ് പാർട്ടി ശക്തിപ്പെടുക. പ്രായപരിധി 75ൽ നിന്ന് 70 വയസാക്കി കുറക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും എ കെ ബാലൻ പറഞ്ഞു.
75 പിന്നിട്ട എ കെ ബാലൻ കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാന സമ്മേളനത്തിന്റെ വേദിയിൽ നിന്ന് വികാരനിർഭരമായാണ് മടങ്ങിയത്. കമ്മ്യൂണിസ്റ്റുകാർക്ക് പടിയിറക്കമില്ലെന്നും ഏത് രീതിയിൽ തുടർന്ന് പ്രവർത്തിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും എ കെ ബാലൻ പറഞ്ഞു. എൽഡിഎഫിന് തുടർഭരണം ഉണ്ടാകും. നിർണായകമായ സമ്മേളനമാണ് കൊല്ലത്ത് സമാപിച്ചത്. സംഘടനാ രംഗത്തും ഭരണ രംഗത്തും മുന്നേറ്റമുണ്ടാക്കുന്നതായിരുന്നു ചർച്ചകൾ. നവകേരള സൃഷ്ടിക്ക് പുതിയ വഴികൾ അംഗീകരിച്ചെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.
Advertisement
അതേസമയം, സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിന് എതിരെ എ പത്മകുമാർ പ്രതികരിച്ച രീതി ശരിയായില്ലെന്ന് എ കെ ബാലൻ വിമർശിച്ചു. പാർട്ടിയിൽ കഴിവുള്ള നിരവധി നേതാക്കളുണ്ട്. എന്നാൽ കമ്മിറ്റിക്ക് പരിധിയുണ്ട്. എല്ലാവരെയും അതിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും എ കെ ബാലൻ.
സംസ്ഥാന സമ്മേളനത്തിനിടെ വാർത്തകൾ ചോർന്നത് ഗുരുതരമായി പാർട്ടി കാണണമെന്നും എ കെ ബാലൻ പറഞ്ഞു. സംഘടനാ റിപ്പോർട്ട് ഉൾപ്പെടെ ചോർന്നതിനെ പരിഹസിച്ച് വി എസ് അച്യുതാനന്ദൻ്റെ മുൻ പിഎ എ സുരേഷ് നേരത്തെ രംഗത്തെത്തിയിരുന്നു.