ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായി; കണ്ണൂരും എറണാകുളത്തും പുതിയ സെക്രട്ടറിമാര്‍ വരും
സിപിഐഎം ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായതോടെ പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുക്കേണ്ടി വരും. അന്തരിച്ച എ.വി റസലിന് പകരക്കാരനായി കോട്ടയത്തും പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തണം. കണ്ണൂരില്‍ ടി.വി രാജേഷ്, എറണാകുളത്ത് എസ് സതീഷ്, കോട്ടയത്ത് ടി ആര് രഘുനാഥ് എന്നിവര്‍ക്കാണ് സാധ്യത. മധുര പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമാകും പുതിയ സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ്.
ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായാല്‍ പകരം പുതിയ സെക്രട്ടറിമാരെ നിശ്ചയിക്കുന്നതാണ് സിപിഐഎമ്മിലെ കീഴ്വഴക്കം.
സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ ഘടകമായ കണ്ണൂരിലെ പുതിയ ജില്ലാ സെക്രട്ടറി ആരാകും എന്നതാണ് സിപിഐഎം കേന്ദ്രങ്ങളിലെ ആകാംക്ഷ.
പുതിയ ജില്ലാ സെക്രട്ടറി ആരായാലും അത് ജയരാജന്മാരില് നിന്നുളള തലമുറ മാറ്റമായിരിക്കുമെന്ന് ഉറപ്പാണ്. മുന്‍ എം.എല്‍.എ ടി.വി രാജേഷ് ജില്ലാ സെക്രട്ടറി ആകുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. സംസ്ഥാന സമിതി അംഗമായ ടി വി രാജേഷിന് തന്നെയാണ് കൂടുതല്‍ സാധ്യത. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെയും പരിഗണിച്ചേക്കാം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെയാണ് എം വി ജയരാജനെ ജില്ലാ സെക്രട്ടറിയായി നിയോഗിക്കുന്നത്.
എറണാകുളത്ത് പാര്‍ട്ടിയെ നയിക്കാന്‍ യുവനേതാവായിരിക്കുമെന്നാണ് സൂചന. ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ആയിരുന്ന എസ് സതീഷ്
മേയര്‍ എം.അനില്‍കുമാര്‍, സി ബി ദേവദര്‍ശന്‍ എന്നിവരാണ് പരിഗണനിയലുളളത്. എസ് സതീഷിനാണ് കൂടുതല്‍ സാധ്യത.
കോട്ടയത്ത് എ വി റസലിന്റെ അകാല മരണമാണ് സെക്രട്ടറി സ്ഥാനത്ത് ഒഴിവുണ്ടാക്കിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടിആര്‍ രഘുനാഥനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് തന്നെ ജില്ലാ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിക്കാന്‍ ആണെന്ന് സൂചനയുണ്ട്.