KeralaTop News

‘ പി പി ദിവ്യ തെറ്റുചെയ്തു, നടപടി എടുത്തത് തെറ്റുചെയ്തത് കൊണ്ട്’ ; എം വി ഗോവിന്ദന്‍

Spread the love

എഡിഎം ആയിരുന്ന കെ നവീന്‍ബാബുവിന്റെ മരണത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തെറ്റു ചെയ്തുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെറ്റുചെയ്തത് കൊണ്ടാണ് നടപടി എടുത്തത്. ദിവ്യയുടെ കാര്യത്തില്‍ പാര്‍ട്ടി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ റിപോര്‍ട്ടിന്മേലുളള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദന്‍.

ദിവ്യ ചെയ്തത് തെറ്റു എന്ന് തിരിച്ചറിഞ്ഞാണ് സ്ഥാനത്തുനിന്ന് നീക്കിയതെന്ന് അദ്ദേഹം വിശദമാക്കി. ആദ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. പിന്നീട് ജില്ലാ കമ്മറ്റി അംഗത്വത്തില്‍ നിന്ന് പ്രാധമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. ഈ രണ്ട് നടപടികളും ദിവ്യ ചെയ്ത തെറ്റ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നാണ് എം വി ഗോവിന്ദന്‍ നല്‍കിയ മറുപടി. പൊതു ചര്‍ച്ചയില്‍ പിപി ദിവ്യയ്ക്ക് അനുകൂലമായും പ്രതികൂലമായുമുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ദിവ്യയെ സംരക്ഷിക്കണമായിരുന്നു എന്ന വാദങ്ങളും ചിലര്‍ ഉയര്‍ത്തി. ഇതെല്ലാം പരാമര്‍ശിച്ചികൊണ്ടാണ് ദിവ്യ തെറ്റ് ചെയ്‌തെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് നടപടിയെടുത്തതെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയത്.

കണ്ണൂര്‍ ജില്ലയോട് താന്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന പ്രതിനിധികളുടെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ജില്ല തിരിച്ചല്ല സിപിഐഎമ്മില്‍ സ്ഥാനങ്ങളും പദവികളും നിശ്ചയിക്കുന്നതെന്നും സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്താണ് തീരുമാനം എടുക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊളളുമെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരണത്തിനുള്ള പ്രക്രിയയാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായി വിമര്‍ശനങ്ങളെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.