Sunday, March 9, 2025
Latest:
KeralaTop News

ഷഹബാസ് കൊലപാതകം; കസ്റ്റഡിയിൽ ഉള്ളവർക്ക് ഊമക്കത്ത് വന്ന സംഭവത്തിൽ അന്വേഷണം

Spread the love

താമരശ്ശേരിയിൽ പത്താം ക്ലാസ്സുകാരനായ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികളായ വിദ്യാർഥികൾക്ക് എതിരെ ഊമക്കത്ത്. സംഭവത്തിൽ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലുള്ള വിദ്യാർഥികളെ വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തി താമരശ്ശേരി കോരങ്ങാട് GVHSS പ്രധാന അധ്യാപകനായിരുന്നു ഊമക്കത്ത് ലഭിച്ചത്. വിദ്യാർഥികൾക്ക് ഏതാനും പരീക്ഷകൾ മാത്രമേ എഴുതാൻ കഴിയൂ എന്നും പരീക്ഷകൾ തീരുന്നതിനു മുൻപ് അപായപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.

സ്കൂൾ അധികൃതർ കത്ത് കൈമാറിയതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിൽ പിടിയിലായ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുൻപാണ് കത്ത് വന്നത് എന്ന് നിഗമനത്തിലാണ് പൊലീസ്. അതേസമയം,ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ പേരെ പ്രതിചേർക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചു. ഷഹബാസിനെ ആക്രമിക്കാൻ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

നിലവിൽ 6 വിദ്യാർഥികളാണ് കസ്റ്റഡിയിലുള്ളത്. കൂടുതല്‍ വിദ്യാര്‍ഥികളുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. സര്‍ക്കാരിലും, പൊലീസിലും പൂര്‍ണ വിശ്വാസമെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ പറഞ്ഞിരുന്നു. അക്രമം ആസൂത്രണം ചെയ്തതിനാൽ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മര്‍ദനം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.