Sunday, March 9, 2025
Latest:
KeralaTop News

ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രദീപ് ബന്ധുവിന് അയച്ചു കൊടുത്തു; കാസര്‍ഗോഡ് 15 കാരിയുടെയും അയൽവാസിയുടെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Spread the love

കാസര്‍ഗോഡ് പൈവളിഗെയില്‍ കാണാതായ പതിനഞ്ച് വയസുകാരിയുടെയും അയൽവാസിയുടെയും മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. ഇന്ന് രാവിലെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ വീടിന് സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആത്മഹത്യ തന്നെയാണോ എന്ന കാര്യം സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് കുമ്പള സി.ഐ വിനോദ് കുമാർ പ്രതികരിച്ചു. ആത്മഹത്യയെങ്കിൽ എന്താണ് അതിലേക്ക് നയിച്ച കാരണമെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോ മീറ്റർ ചുറ്റളവിൽ നേരത്തെയും തിരച്ചിൽ നടത്തിയിരുന്നു. ഇരുവരുടെയും കൃത്യമായ ഫോൺ ലൊക്കേഷൻ നേരത്തെ ലഭിച്ചിരുന്നില്ല. ദിവസങ്ങൾ ഇത്ര കഴിഞ്ഞതുകൊണ്ടാണ് ബന്ധുക്കൾ പൊലീസിനെതിരെ പറയുന്നത്. എന്നാൽ പൊലീസ് കൃത്യമായ തിരച്ചിൽ നടത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശ്രേയയെ കാണാതായ അന്ന് പ്രദീപിന്റെ ബന്ധുവിന് ഇരുവരും ഒപ്പം നിൽക്കുന്ന 97 ചിത്രങ്ങൾ അയച്ചു നൽകിയിരുന്നു. ഫോണുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയാൽ ഇനിയും തെളിവുകൾ ലഭിക്കാൻ സാധ്യതയുടെന്നാണ് പ്രാഥമിക നിഗമനം.

ഫെബ്രുവരി 12ന് പുലർച്ചെയാണ് പെൺകുട്ടിയെ കാണാതായത്. അയൽവാസിയായ 42 കാരൻ പ്രദീപിനെയും അന്നുതന്നെ കാണാതായി. ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ ലഭിച്ചത് വീടിന് ഒരു കിലോ മീറ്റർ പരിധിയിൽ. ഡ്രോൺ, ഡോഗ് സ്‌ക്വാഡ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് പൊലീസ് പല ഘട്ടങ്ങളിലായി തിരച്ചിൽ നടത്തിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചില്ല. സിസിടിവികൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലും എങ്ങുമെത്തിയില്ല.

പൊലീസിന്റെ അന്വേഷണം ഊർജിതമല്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഒടുവിൽ ഇന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ വീടിന് 200 മീറ്റർ അകലെ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരുടെയും മൊബൈൽ ഫോണുകളും കത്തിയും സമീപത്ത് നിന്ന് കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റി.